മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് 456 റണ്‍സിന്റെ ലീഡായി. നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 148 റണ്‍സില്‍ അവസാനിച്ചിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍(38), ജോ ബേണ്‍സ്(35) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. സ്മിത്ത് 7 റണ്‍സെടുത്തും ലബുഷെയ്ന്‍ 19 റണ്‍സെടുത്തും പുറത്തായി. മാത്യുവേഡ്(15), ട്രാവിസ് ഹെഡ്ഡ്(12) എന്നിവരാണ് ക്രീസിലുള്ളത്. ന്യൂസിലന്‍ഡിനായി നെയ്ല്‍ വാഗ്നര്‍ 2 വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ന്യൂസിലന്‍ഡിനായി 50 റണ്‍സെടുത്ത ടോം ലതാമാണ് ടോപ് സ്‌കോറര്‍. വാലറ്റത്ത് 18 റണ്‍സെടുത്ത നെയ്ല്‍ വാഗ്നറും 10 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറും ന്യൂസിലന്‍ഡിന് ആശ്വാസമായി. 5 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. ജെയിംസ് പാറ്റിസണ്‍ 3 വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റും സ്വന്തമാക്കി. നേരത്തെ സെഞ്ച്വറി നേടിയ ട്രവിസ് ഹെഡിന്റെ (114) ബാറ്റിങ്ങാണ് ഓസ്ട്രേലിയുടെ ആദ്യ ഇന്നിങ്സിന് കരുത്തായത്. സ്റ്റീവ് സ്മിത്ത് (85) ലാബുഷാനെ (63),ടിം പെയ്ന്‍ (79) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഓസീസിനെ തുണച്ചു.