സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ വിദേശത്ത് പരമ്പര നേടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കാര്യങ്ങളെല്ലാം അനുകൂലമാണ്. എന്നാല്‍, ഇന്ത്യന്‍ പ്രകടനത്തില്‍ നിര്‍ണായകമാവുക ബൗളര്‍മാര്‍ ആയിരിക്കുമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ അഭിപ്രായം.
ഇന്ത്യയ്ക്ക് നിലവിലുള്ളത് മികച്ച ബൗളിങ് ആക്രമണമാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ബൗളിങ് തന്നെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതും. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ ബൗളിങ് നിലവാരമുള്ളതായിരുന്നു. കുറഞ്ഞത് 350 റണ്‍സെങ്കിലും ബാറ്റ്‌സ്മാന്മാര്‍ക്ക് നേടാനായാല്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും അദ്ദേഹം വിലയിരുത്തി.
ആറ് ബാറ്റ്‌സ്മാന്മാരെ ഇന്ത്യ കളിപ്പിക്കണം. മുരളി വിജയ് പൃഥ്വിക്കൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്യണം. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പരിചയ സമ്പന്നത താരത്തിന് ഗുണം ചെയ്യും. കുല്‍ദീപ്, അശ്വിന്‍ എന്നിവര്‍ സ്പിന്‍ ബൗളിങ്ങിലും ഭുവനേശ്വര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാരായും ടീമില്‍ ഇടം നേടുമെന്നാണ് കരുതുന്നതെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
