'എത്രവേണേലും എടുത്തോ'; ഗുരുതരാവസ്ഥയിലായ മുന്‍ താരത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുനാല്‍ പാണ്ഡ്യ
ദില്ലി: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായഹസ്തം നീട്ടി കൂടുതല്‍ പേര്‍ രംഗത്ത്. മാര്‍ട്ടിന് എല്ലാ വിധ സഹായങ്ങളും മുന്‍ ടീമംഗവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വാഗ്ദാനം ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയും സഹായവുമായി എത്തി. എത്രവേണേലും എഴുതി എടുക്കാന്‍ ആവശ്യപ്പെട്ട് ബ്ലാങ്ക് ചെക്കാണ് ക്രുനാല്‍ നല്‍കിയത്.
എത്രയാണ് ആവശ്യമെന്ന് നോക്കി എഴുതിയെടുക്കുക എന്നാണ് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുനാല്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനോട് പറഞ്ഞത്. എഴുതുമ്പോള്‍ ഒരു ലക്ഷത്തില്‍ കുറയാത്ത തുക എടുക്കാമെന്നും ക്രുനാല്‍ പറഞ്ഞു. നേരത്തെ ബിസിസിഐ അഞ്ചു ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ഡിസംബര്‍ 28നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന്‍ വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

ഇന്ത്യയ്ക്കുവേണ്ടി കളിച്ചു
മാര്‍ട്ടിന്‍ 1999 സപ്തംബര്‍ മുതല്‍ 2001 ഒക്ടോബര്‍ വരെ ഇന്ത്യക്കു വേണ്ടി 10 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലാണ് താരം കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി നിരവധി മല്‍സരങ്ങളില്‍ മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. 2000-01ല്‍ ബറോഡയെ കന്നി രഞ്ജി ട്രോഫി കിരീടവിജയത്തിലേക്കു നയിച്ചത് മാര്‍ട്ടിനായിരുന്നു. അന്നു ഫൈനലില്‍ റെയില്‍വേസിനെയാണ് മാര്‍ട്ടിന്‍ ക്യാപ്റ്റനായ ബറോഡ തോല്‍പ്പിച്ചത്. 2009 ഡിസംബറിലാണ് അദ്ദേഹം അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്.

പോലീസ് അറസ്റ്റിലായി
2011ല്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ ക്രിക്കറ്റിലേക്ക് വീണ്ടുമെത്തുകയായിരുന്നു. ഇത്തവണ പരിശീലകന്റെ കുപ്പായത്തിലായിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ബറോഡയുടെ വ്യത്യസ്ത പ്രായത്തിലുള്ള ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മാര്‍ട്ടിന്‍.

ബിസിസിഐ സഹായം നല്‍കി
ചികില്‍സയുമായി ബന്ധപ്പെട്ടു വന്‍ സാമ്പത്തിക ബാധ്യത വന്നതോടെയാണ് താരത്തിന്റെ കുടുംബം ബസിസിഐക്ക് കത്തു നല്‍കുന്നത്. ബിസിസിഐ ഉടന്‍ തന്നെ അഞ്ചു ലക്ഷം രൂപ മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications