ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ വന്‍ അബദ്ധങ്ങള്‍- കൈവിട്ടവരില്‍ കോലി, രോഹിത്, വാര്‍ണര്‍!

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി ഐപിഎല്‍ മാറിക്കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ കൂടി സാന്നിധ്യമാണ് ഐപിഎല്ലിനെ ഇത്രയും ആകര്‍ഷകമാക്കിയത്. ഐപിഎല്ലിന്റെ മാതൃകയില്‍ മറ്റു പല രാജ്യങ്ങളും ടി20 ഫ്രാഞ്ചൈസി ലീഗുകള്‍ ആരംഭിച്ചെങ്കിലും അവയിലൊന്നും ഇന്ത്യന്‍ താരങ്ങളെ കാണാന്‍ കഴിയില്ല. ഇതു തന്നെയാണ് ഐപിഎല്ലിനെ ഇപ്പോഴും നമ്പര്‍ വണ്ണാക്കി നിലനിര്‍ത്തുന്നത്.

ഐപിഎല്ലിന്റെ 12 സീസണുകളാണ് ഇതിനകം പൂര്‍ത്തിയായത്. 13ാം സീസണ്‍ സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഒരു ഫ്രാഞ്ചൈസിയുടെ വിധി നിര്‍ണയിക്കുന്നത്തില്‍ താരലേലം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏറ്റവും അനുയോജ്യരെ കളിക്കാരെ ടീമിലെടുക്കുന്നത് ആശ്രയിച്ചായിരിക്കും ഓരോ ഫ്രാഞ്ചൈസിയുടെയും ഭാവി.

ലേലത്തില്‍ പല ഫ്രാഞ്ചൈസികള്‍ക്കും വമ്പന്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനു പിന്നീട് അവര്‍ക്കു വലിയ വില കൊടുക്കേണ്ടി വരികയും ചെയ്തു. ലേലത്തില്‍ ചില താരങ്ങളെ സ്വന്തമാക്കുന്നതില്‍ വന്ന വീഴ്ചയാണ് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയായി മാറിയത്. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

കോലിക്കു പകരം സാങ്വാന്‍

കോലിക്കു പകരം സാങ്വാന്‍

2008ലെ പ്രഥമ ഐപിഎല്ലില്‍ ഡല്‍ഹി ഡെര്‍ഡെവിള്‍സിനു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) സംഭവിച്ചതു പോലൊരു അബദ്ധം മറ്റൊരു ഫ്രാഞ്ചൈസിക്കുമുണ്ടായിട്ടില്ലെന്നു നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ വേണ്ടെന്നു പറഞ്ഞതാണ് ഡല്‍ഹിയുടെ ഏറ്റവും അബദ്ധം.

പ്രഥമ ഐപിഎല്‍ ലേലം നടക്കുമ്പോള്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നില്ല. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന നിലയിലാണ് അദ്ദേഹം അന്നു ശ്രദ്ധിക്കപ്പെടുന്നത്.

ഐപിഎല്‍ ലേല നിയമപ്രകാരം ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ നാട്ടുകാരനായ ഒരു അണ്ടര്‍ 19 താരത്തെ ആദ്യ സീസണില്‍ വാങ്ങാന്‍ സാധിക്കുമായിരുന്നു. അതിനാല്‍ തന്നെ ഡല്‍ഹിയില്‍ നിന്നുള്ള കോലിയെ അവര്‍ വാങ്ങുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ കോലിയെ വേണ്ടെന്നു വന്ന ഡല്‍ഹി പേസര്‍ പ്രദീപ് സാങ്വാനെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഈ അവസരം മുതലെടുത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയെ ചാക്കിലാക്കുകയും ചെയ്തു.

എത്ര മാത്രം വലിയ അബദ്ധമാണ് അന്നു തങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വൈകാതെ തന്നെ ഡല്‍ഹി തിരിച്ചറിഞ്ഞു. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള അദ്ദേഹം ഇപ്പോള്‍ അവരുടെ ക്യാപ്റ്റനും ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനുമാണ്.

സ്റ്റോക്‌സിനെ കൈവിട്ട് ഹൈദരാബാദ്

സ്റ്റോക്‌സിനെ കൈവിട്ട് ഹൈദരാബാദ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ കൈയെത്തുംദൂരത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടത്. 2017ലെ ലേലത്തില്‍ ഹൈഹദാരാബാദ് അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്ന് സ്റ്റോക്‌സ് റൈസിങ് പൂനെ ജയന്റ്‌സിലെത്തുകയായിരുന്നു. അന്ന് ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി അദ്ദേഹം മാറി.

14.5 കോടി രൂപയാണ് പൂനെ സ്റ്റോക്‌സിനു വേണ്ടി വാരിയെറിഞ്ഞത്. അവസാന നിമിഷം വരെ പൂനെയ്‌ക്കൊപ്പം ലേലത്തില്‍ ഹൈദരാബാദ് വാശിയോടെ രംഗത്തുണ്ടായിരുന്നു. പൂനെയുടെ 15 കോടിയോളം രൂപ വെറുതെയായില്ല. കരിയറിലെ ആദ്യ ഐപിഎല്ലില്‍ തന്നെ സറ്റോക്‌സ് സൂപ്പര്‍ താരമാി മാറിയത്. 142.99 സ്‌ട്രൈക്ക് റേറ്റോടെ 316 റണ്‍സെടുത്ത അദ്ദേഹം 12 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റെടുക്കുകയും ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

വാര്‍ണറെ വേണ്ടെന്നു മുംബൈ

വാര്‍ണറെ വേണ്ടെന്നു മുംബൈ

മുംബൈ ഇന്ത്യന്‍സിനു വേണ്ടി വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറും ഓപ്പണ്‍ ചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. ഇത് സംഭവിക്കേണ്ടതായിരുന്നു. എന്നാല്‍ മുംബൈയുടെ പിടിപ്പുകേട് കൊണ്ടു മാത്രമാണ് ഈ സൂപ്പര്‍ ഓപ്പിണ് ജോടിയെ നഷ്ടമായത്.

2014 ലേലത്തിലായിരുന്നു മുംബൈയുടെ വന്‍ അബദ്ധം. 1.5 കോടിയായിരുന്നു ലേലത്തില്‍ വാര്‍ണറുടെ അടിസ്ഥാന വില. ആദ്യം ഹൈദരാബാദ് താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ പിന്നാലെ മുംബൈയും ചേര്‍ന്നു. അഞ്ചു കോടി രൂപ വരെ ഇരുവരും വാശിയോടെ വിളിച്ചു. എന്നാല്‍ ഹൈദരാബാദ് 5.5 കോടി വിളിച്ചപ്പോള്‍ മുംബൈ പിന്‍മാറി. ഇതോടെ അദ്ദേഹം ഹൈദരാബാദിലെത്തുകയും ചെയ്തു.

തകര്‍പ്പന്‍ പ്രകടനമാണ് പിന്നീട് വാര്‍ണര്‍ കാഴ്ചവച്ചത്. കഴിഞ്ഞ അഞ്ചു സീസണുളില്‍ നാലു തവണയും അദ്ദേഹം ഹൈദരാബാദിനു വേണ്ടി മിന്നി (വിലക്ക് കാരണം ഒരു സീസണ്‍ നഷ്ടമായി). മൂന്നു സീസണുകൡ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഓസീസ് താരത്തെ തേടിയെത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മാത്രം 55.44 ശരാശരിയില്‍ 142.39 സ്‌ട്രൈക്ക്‌റേറ്റോടെ 3,271 റണ്‍സ് വാര്‍ണര്‍ വാരിക്കൂട്ടിയിട്ടുണ്ട്.

രാഹുലിനെ തഴഞ്ഞ് ആര്‍സിബി

രാഹുലിനെ തഴഞ്ഞ് ആര്‍സിബി

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തിലാണ് കെഎല്‍ രാഹുലിന്റെ സ്ഥാനം. നിലവില്‍ ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി താരം നിര്‍വഹിക്കുന്നുണ്ട്. ഐപിഎല്ലില്‍ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇപ്പോള്‍ കളിക്കേണ്ടതായിരുന്നു രാഹുല്‍. എന്നാല്‍ 2018ലെ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറായില്ല.

2013ല്‍ ആര്‍സിബിയിലൂടെ തുടങ്ങിയ രാഹുല്‍ പിന്നീടുള്ള രണ്ടു സീസണുകൡ ഹൈദരാബാദിനൊപ്പമായിരുന്നു. 2016ല്‍ ആര്‍സിബിയില്‍ തിരിച്ചെത്തിയ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. 2017ലെ സീസണില്‍ പരിക്കു കാരണം രാഹുലിന് കളിക്കാനായില്ല. സീസണിനു ശേഷം താരത്തെ ആര്‍സിബി ഒഴിവാക്കി. ലേലത്തില്‍ മൂന്നു താരങ്ങളെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്താന്‍ ആര്‍ബിസിക്കാവുമായിരുന്നു. കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം സര്‍ഫറാസ് ഖാനെ നിലനിര്‍ത്തിയ ആര്‍സിബി രാഹുലിനെ കൈവിടുകയും ചെയ്തു. തുടര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ അദ്ദേഹം മിന്നുന്ന പ്രകടനമാണ് മുന്‍ സീസണുകളില്‍ നടത്തിയത്. വരാനിരിക്കുന്ന സീസണില്‍ പഞ്ചാാബിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍.

രോഹിത് കെകെആറില്‍ നിന്ന് വഴുതിപ്പോയി

രോഹിത് കെകെആറില്‍ നിന്ന് വഴുതിപ്പോയി

ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടമുയര്‍ത്തിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ കളിക്കേണ്ടതായിരുന്നു. 2011ലെ ലേലത്തിലാണ് കെകെആറിന്റെ മൂക്കിന്‍ തുമ്പത്തു നിന്ന് മുംബൈ ഹിറ്റ്മാനെ റാഞ്ചിയത്.

ലേലത്തില്‍ രോഹിത്തിനായി ഇരുടീമുകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു. എന്നാല്‍ കെകെആര്‍ ഒടുവില്‍ കൈവിട്ടപ്പോള്‍ മുംബൈ അദ്ദേഹത്തെ കൈക്കലാക്കുകയായിരുന്നു. രണ്ടു മില്ല്യണ്‍ ഡോളറിനായിരുന്നു രോഹിത് മുംബൈയിലെത്തിയത്. പിന്നീട് ടീമിന്റെ നായകസ്ഥാനത്തേക്കു വന്ന ഹിറ്റ്മാന്‍ നാലു ഐപിഎല്‍ ട്രോഫികളും മുംബൈയ്ക്കു സമ്മാനിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, July 30, 2020, 17:05 [IST]
Other articles published on Jul 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X