റാഞ്ചി: ലുക്കില്‍ കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ കാര്യമുണ്ട് എന്ന് തന്നെ പറയേണ്ടിവരും. പ്രത്യേകിച്ച് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കാര്യത്തില്‍. ക്യാപ്റ്റന്‍ കൂളായി ഇമേജ് മാറുന്നതിന് മുമ്പ് ധോണി ശ്രദ്ധിക്കപ്പെട്ടിരുന്നത് ബാറ്റിംഗ് കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ട് കൂടിയാണ്. നീളന്‍ മുടിയുമായി റാഞ്ചിയില്‍ നിന്നും എത്തിയ കൂറ്റനടിക്കാരന്‍ കം വിക്കറ്റ് കീപ്പര്‍ - അതായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന മഹി.
എം എസ് ധോണിയുടെ 20 കോടി പറ്റിച്ച ആ ഓസ്ട്രേലിയൻ കന്പനി ഏതാണ്...
ആദ്യത്തെ ട്വന്റി 20 ലോകകപ്പോടെ ധോണി നീളന്‍ മുടി മുറിച്ചു. പിന്നീട് പലപ്പോഴും പുതിയ ഹെയര്കട്ടുകളുമായി ധോണി ആരാധകരെ അമ്പരപ്പിച്ചു. ഐ പി എല്ലിന്റെ ഓരോ സീസണിലും ധോണിയും ഹെയര്‍സ്റ്റൈലും ചര്‍ച്ചാ വിഷയമായി. ധോണിയുടെ ഹെയര്‍കട്ടുകള്‍ അനുകരിക്കാനും ആളുകളുണ്ടായി. എന്നാല്‍ അപ്പോഴൊന്നും താടിയില്‍ ധോണി പരീക്ഷണങ്ങള്‍ നടത്തിയിരുന്നില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ധോണി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ചിത്രത്തിലുള്ളത് ധോണിയാണ് എന്ന് പോലും ആര്‍ക്കും പെട്ടെന്ന് പിടികിട്ടിയില്ല. ധോണിയുടെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. മകള്‍ സിവയെ മടിയിലിരുത്തിയായിരുന്നു ധോണി ചിത്രമെടുത്തത്.
നീളന്‍ താടിയും മീശയും വലിയ കണ്ണടയും - എം എസ് ധോണിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അമ്പത് ലക്ഷത്തിലധികം പേരാണ് ചിത്രം ഇതിനോടകം ലൈക്ക് ചെയ്തത്. ഏഴ് ലക്ഷത്തോളം റീഷെയറുകളും കമന്റുകളും. ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി വീട്ടില്‍ സമയം ചെലവഴിക്കുകയാണ് ഇപ്പോള്‍. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണിക്ക് അടുത്ത കളി.