മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ നിരയില്‍ കടുത്ത ആശങ്ക. ഓപ്പണിംഗ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതാണ് ടീമിന് വലിയ തലവേദനയായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കുന്തമുനയായി കാണുന്ന താരമാണ് ഭുവനേശ്വര്‍. പാകിസ്താനെതിരെയുള്ള മത്സരത്തില്‍ വെറും 16 പന്തുകളാണ് താരം എറിഞ്ഞത്. നിര്‍ണായക മത്സരങ്ങള്‍ വരാനിരിക്കെ ഇന്ത്യയെ ഭയപ്പെടുത്തുന്ന വാര്‍ത്തയാണിത്. ഇന്ത്യന്‍ ക്യാമ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
മത്സരത്തിനിടെ കാലിന് വേദന രൂക്ഷമായതോടെ മുടന്തിയാണ് ഭുവനേശ്വര്‍ കളം വിട്ടത്. ഓവറിലെ ബാക്കിയുള്ള രണ്ട് പന്തുകള്‍ വിജയ് ശങ്കറാണ് എറിഞ്ഞത്. ഇതില്‍ ആദ്യ പന്തില്‍ തന്നെ വിജയ് ശങ്കര്‍ നിര്‍ണായകമായ വിക്കറ്റെടുത്ത് മികവ് കാണിക്കുകയും ചെയ്തു. അതേസമയം ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന് പരിക്കേറ്റ് കളിക്കാനാവാത്ത അവസ്ഥയിലാണ്. ഓപ്പണറെ നഷ്ടപ്പെട്ട് വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുമ്പോഴാണ് ഇന്ത്യയെ ഭുവനേശ്വറിന്റെ പരിക്ക് അലട്ടുന്നത്.
അതേസമയം പാകിസ്താനെതിരെ നടക്കുന്ന മത്സരത്തില്‍ ശേഷിക്കുന്ന ഓവറുകള്‍ ഭുവനേശ്വര്‍ എറിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. താരം എറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ അല്ല ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭുവനേശ്വറിന് പകരമായി ഫീല്‍ഡിംഗില്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. ടീമില്‍ പന്ത്രണ്ടാമനായി ഉള്‍പ്പെടുത്തിയത് ജഡേജയെയാണ്. അടുത്ത ദിവസത്തില്‍ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് സൂചന.
അതേസമയം ഭുവിയുടെ പരിക്ക് ഗുരുതരമാണെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അത് വന്‍ തിരിച്ചടിയാവും. ഓസ്ട്രേലിയക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഭുവനേശ്വറാണ് കളി മാറ്റി മറിച്ചത്. അതുകൊണ്ട് നിര്‍ണായക മത്സരങ്ങളില്‍ ഭുവിയുടെ സാന്നിധ്യം ഇന്ത്യക്ക് ആവശ്യമാണ്. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരെയാണ്. അതുകൊണ്ട് ഇന്ത്യക്ക് വലിയ പ്രശ്നങ്ങളില്ല. ഭുവി കളിക്കാതിരുന്നാല്‍ മുഹമ്മദ് ഷമിയാണ് പകരക്കാരനാവുക.