ഐപിഎല്‍ 2019: ഇവര്‍ക്കു മുന്നില്‍ ബാറ്റിങ് നിരയുടെ മുട്ട് ഇടിക്കും!! തടുക്കാമെങ്കില്‍ തടുത്തോ...

മുംബൈ: ഐപിഎല്‍ ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെങ്കിലും ബൗളര്‍മാരെ അങ്ങനെ വില കുറച്ച് കാണേണ്ട. ഒരൊറ്റ ഓവര്‍ കൊണ്ട് കളി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ലോകോത്തര ബൗളര്‍മാര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി പന്തെറിയുന്നുണ്ട്.
ഈ സീസണിലും മികച്ച ബൗളര്‍മാരുടെ സാന്നിധ്യം ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും മികച്ച പേസ് ബൗളിങ് ആക്രമണമുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ചെന്നൈ സൂപ്പര്‍കിങ്‌സ്
നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ശക്തരാണ്. ഈ സീസണില്‍ മൂര്‍ച്ചയേറിയ ബൗളിങ് നിരയാണ് എംഎസ് ധോണിയുടെ ടീമിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ ലുംഗി എന്‍ഗിഡിയും ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡുമെല്ലാം എതിര്‍ ബാറ്റിങ് നിരയെ തകര്‍ക്കാന്‍ ശേഷിയുള്ളവരാണ്.
ഈ സീസണില്‍ ഇന്ത്യയുടെ മുന്‍ പേസര്‍ മോഹിത് ശര്‍മയെ തിരികെ കൊണ്ടു വന്ന് സിഎസ്‌കെ ബൗളിങ് കൂടുല്‍ ശക്തമാക്കിയിട്ടുണ്ട്. 2014ലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ താരമാണ് മോഹിത്. ദീപക് ചഹറാണ് ടീമിന്റെ മറ്റൊരു പ്രധാന പേസര്‍. തീര്‍ന്നില്ല ഓള്‍റൗണ്ടര്‍മാരായ ഷെയ്ന്‍ വാട്‌സന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരും മിന്നല്‍ ബൗളിങിന് പേരുകേട്ടവരാണ്. ശര്‍ദ്ദുല്‍ താക്കര്‍, ഡേവിഡ് വില്ലി, മലയാളി പേസര്‍ കെഎം ആസിഫ് എന്നിവരും ടീമിലുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഐപിഎല്ലില്‍ ഇതുവരെ ചാംപ്യന്മാരാവാന്‍ കഴിഞ്ഞിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുതിയ സീസണില്‍ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് കച്ചമുറുക്കുന്നത്. ശക്തമായ ബാറ്റിങ് നിരയോടൊപ്പം മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിരയും ഡല്‍ഹിക്കുണ്ട്. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഡല്‍ഹിയുടെ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കാഗിസോ റബാദ, ക്രിസ് മോറിസ് തുടങ്ങി ലോക ക്രിക്കറ്റിലെ അപകടകാരിയായ താരങ്ങളും ഡല്‍ഹിക്കുണ്ട്. കഴിഞ്ഞ സീസണില്‍ പരിക്കുമൂലം റബാദയ്ക്കും മോറിസിനും കളിക്കാനായിരുന്നില്ല. ഇത്തവണ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് ഇരുവരും.
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീമോ പോളിന്റെ വേഗമേറിയ ബൗളിങും ഡല്‍ഹിക്കു കരുത്ത് പകരും. ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയുടെ് സാന്നിധ്യം ഡല്‍ഹിക്കു മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആവേശ് ഖാന്‍, നാതുസിങ് എന്നിവരാണ് മറ്റ് ഇന്ത്യന്‍ പേസര്‍മാര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
കഴിഞ്ഞ സീസണിലെ റണ്ണറപ്പും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ശക്തമായ പേസ് ബൗളിങ് നിരയാണുള്ളത്. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാരാണ് എസ്ആര്‍എച്ചിന്റെ പേസ് ബൗളിങ് വിഭാഗം കൈകാര്യം ചെയ്യുക. ഭുവിക്കൊപ്പം ഖലീല്‍ അഹമ്മദ്, ബില്ലി സ്റ്റാന്‍ലേക്ക്, സന്ദീപ് ശര്‍മ എന്നിവരും ചേരുന്നതോടെ പേസ് ബൗളിങിന് മൂര്‍ച്ച കൂടും.
കഴിഞ്ഞ നാലു വര്‍ഷത്തോളമായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ന്യൂബോള്‍ ബൗളറാണ് സന്ദീപ്. ഖലീലാവട്ടെ ഇന്ത്യക്കായി ചില മികച്ച പ്രകടനങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. സിദ്ധാര്‍ഥ് കൗളാണ് ടീമിലെ മറ്റൊരു പ്രധാന ബൗളര്‍. മലയാളി പേസര്‍ ബേസില്‍ തമ്പിക്കും ചില മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications