ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; തലപ്പത്ത് കുംബ്ലെ
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള നാല് മത്സര ടെസ്റ്റ് പരമ്പരക്ക് അടുത്ത മാസം 17ന് തുടക്കമാവുകയാണ്. ഇതിനായുള്ള പരിശീലനം ഇന്ത്യന്‍ ടീം സിഡ്‌നിയില്‍ ആരംഭിച്ച് കഴിഞ്ഞു. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നതിനാല്‍ ഇത്തവണ പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ 2019ലെ ടീമിനേക്കാള്‍ കരുത്തുറ്റ നിരയാണ് ഇന്നത്തെ ഓസീസ് ടീം. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് ടെസ്റ്റ് പരമ്പര. വാശിയേറിയ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അനില്‍ കുംബ്ലെ
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയാണ് ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള ഇന്ത്യന്‍ ബൗളര്‍. ഓസ്‌ട്രേലിയക്കെതിരേ 20 ടെസ്റ്റില്‍ നിന്നായി 111 വിക്കറ്റാണ് അനില്‍ കുംബ്ലെ വീഴ്ത്തിയിട്ടുള്ളത്. അഞ്ച് തവണ ഓസ്‌ട്രേലിയക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ കുംബ്ലെക്ക് സാധിച്ചിട്ടുണ്ട്. 141 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയാണ് കുംബ്ലെയുടെ മികച്ച പ്രകടനം. 132 ടെസ്റ്റില്‍ നിന്നായി 619 വിക്കറ്റാണ് അദ്ദേഹം ഇന്ത്യക്കായി വീഴ്ത്തിയിട്ടുള്ളത്.

ഹര്‍ഭജന്‍ സിങ്
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍. ഇന്ത്യക്കുവേണ്ടി 103 ടെസ്റ്റില്‍ നിന്നായി 417 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരേ 18 ടെസ്റ്റില്‍ നിന്ന് 95 വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയിട്ടുള്ളത്. ഏഴ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഹര്‍ഭജന് സാധിച്ചു. 84 റണ്‍സ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയതാണ് ഹര്‍ഭജന്റെ മികച്ച പ്രകടനം.

കപില്‍ ദേവ്
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ നായകനുമായ കപില്‍ ദേവാണ് ഈ പട്ടികയിലെ മൂന്നാമന്‍. 20 ടെസ്റ്റില്‍ നിന്നായി 79 വിക്കറ്റാണ് ഓസ്‌ട്രേലിയക്കെതിരേ കപില്‍ ദേവ് വീഴ്ത്തിയത്. ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും കപിലിനായി. 1985ല്‍ അഡ്‌ലെയ്ഡില്‍ 106 റണ്‍സ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയതാണ് കപില്‍ ദേവിന്റെ ഓസ്‌ട്രേലിയക്കെതിരായ മികച്ച ബൗളിങ് പ്രകടനം. 131 ടെസ്റ്റില്‍ നിന്നായി 434 വിക്കറ്റാണ് കപില്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ നേടിയത്.

ആര്‍ അശ്വിന്‍
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ആര്‍ അശ്വിനാണ് ഈ പട്ടികയിലെ നാലാമന്‍. 15 മത്സരത്തില്‍ നിന്ന് 77 വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്കെതിരേ വീഴ്ത്താന്‍ അശ്വിന് സാധിച്ചിട്ടുണ്ട്.അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം നടത്താനും അശ്വിന് സാധിച്ചു. 103 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് അശ്വിന്റെ മികച്ച ബൗളിങ് പ്രകടനം.ഇത്തവണത്തെ ഓസീസ് പര്യടനത്തിലും ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന ബൗളറാണ് അശ്വിന്‍.

സഹീര്‍ ഖാന്‍
മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണ് ഈ പട്ടികയിലെ അഞ്ചാമന്‍. ഓസീസിനെതിരേ 19 മത്സരത്തില്‍ നിന്ന് 61 വിക്കറ്റാണ് സഹീര്‍ ഖാന്‍ വീഴ്ത്തിയത്. മൂന്ന് തവണയാണ് കംഗാരുക്കള്‍ക്കെതിരേ സഹീര്‍ ഖാന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 2014ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സഹീര്‍ ഖാന്‍ 92 ടെസ്റ്റില്‍ നിന്നായി 311 വിക്കറ്റാണ് നേടിയത്. ഇന്ത്യക്കുവേണ്ടി 300 ലധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഏക ഇടം കൈയന്‍ പേസറാണ് സഹീര്‍ ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications