ബെംഗളൂരു: മഴമൂലം സമനിലയില്‍ കലാശിച്ച രണ്ടാം ടെസ്റ്റിന് ഒടുവില്‍ ഇന്ത്യന്‍ താരങ്ങളെ ആംബുലന്‍സില്‍ കണ്ടത് ആരാധകരില്‍ ആശങ്കയ്ക്ക് ഇടയാക്കി. ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് കളിക്ക് ശേഷം ഹോട്ടലിലേക്ക് പോകാന്‍ ആംബുലന്‍സ് ഉപയോഗിച്ചത്.
പരിക്ക് മൂലമാണ് കളിക്കാര്‍ ആംബുലന്‍സില്‍ കയറിപ്പോയത് എന്ന് ആശങ്കപ്പെട്ടവര്‍ക്ക് തെറ്റി. ടീം ബസ് വരാന്‍ വേണ്ടി കാത്തിരിക്കാന്‍ ക്ഷമയില്ലാതെയാണ് താരങ്ങള്‍ ആംബുലന്‍സില്‍ കയറിയത്. ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരുന്ന ആംബുലന്‍സിലാണ് താരങ്ങള്‍ കയറിപ്പറ്റിയത്. ടീമിന്റെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറും കളിക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കര്‍ണാടകയിലെ ലോക്കല്‍ താരമായ സ്റ്റുവര്‍ട്ട് ബിന്നി ആംബുലന്‍സ് ഡ്രൈവറുെട കൂടെയിരുന്നു. മറ്റൊരു കര്‍ണാടക താരമായ രാഹുല്‍, ധവാനും കോച്ച് ബംഗാറിനും കമ്പനി കൊടുത്ത് പിന്‍സീറ്റിലും. കളി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നെറ്റ്‌സ് പ്രാക്ടീസ് നടത്താനാണ് ധവാനും കൂട്ടരും സ്റ്റേഡിയത്തില്‍ സമയം ചെലവഴിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയും മറ്റുള്ളവരും ടീം ബസില്‍ നേരത്തെ ഹോട്ടലില്‍ എത്തിയിരുന്നു.
തുടര്‍ച്ചയായ നാല് ദിവസങ്ങളാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മഴ മൂലം കളി മുടങ്ങിയത്. ദക്ഷിണാഫ്രിക്കയെ ഒന്നാം ദിവസം തന്നെ ഓളൗട്ടാക്കി കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയില്‍ എത്തിച്ചതായിരുന്നു. എന്നാല്‍ മഴ രസംകൊല്ലിയായി. മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് നവംബര്‍ 25 മുതല്‍ നാഗ്പൂരില്‍ നടക്കും.