സ്‌റ്റോക്‌സ് സമനില ചോദിച്ചു വാങ്ങാൻ നോക്കിയത് വെറുതെയല്ല? ജഡേജയ്ക്കും സുന്ദറിനും കൈ പോലും കൊടുത്തില്ല!
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്‌റ്റിൽ തോൽവി എല്ലാവരും പ്രതീക്ഷിച്ചിടത്ത് നിന്നും ഇന്ത്യൻ ടീം വീരോചിതമായി പൊരുതി നേടിയ സമനിലയ്ക്ക് ജയത്തോളം മൂല്യമുണ്ട്. മാഞ്ചസ്‌റ്റർ ടെസ്‌റ്റിൽ അവസാന ദിനം കരുത്തുറ്റ പ്രകടനം നടത്തിയ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയ്ക്ക് സമനിലയെന്ന നേട്ടം സ്വന്തമാക്കി നൽകിയത്. ടെസ്‌റ്റ് ക്രിക്കറ്റിന്റെ സകല സൗന്ദര്യവും ആവാഹിച്ച മത്സരം തന്നെയായിരുന്നു ഇന്നലെ നടന്നത്.
എന്നാൽ മത്സരത്തിൽ ഇന്നിംഗ്‌സ് ജയം വരെ പ്രതീക്ഷിച്ച ഇംഗ്ലീഷ് നായകൻ ബെൻ സ്‌റ്റോക്‌സ്, സമനില അംഗീകരിക്കാൻ പാടുപെടുന്നത് കാണാമായിരുന്നു. ഇതിന്റെ ഉത്തമ ഉദാഹരണം എന്നോണം ഒന്ന് രണ്ട് സംഭവങ്ങൾക്കും ഇന്നലെ മാഞ്ചസ്‌റ്റർ വേദിയായി. അവസാന സെഷനിൽ മത്സരം ഫലമില്ലാതെ നീളുമെന്ന് ഉറപ്പായപ്പോൾ സ്‌റ്റോക്‌സ് കാട്ടിക്കൂട്ടിയ പ്രവർത്തികളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

പതിനഞ്ച് ഓവറിലധികം ബാക്കിയുള്ളപ്പോൾ സമനിലയ്ക്കായി സ്‌റ്റോക്‌സ് ഇന്ത്യൻ ടീമിനെ സമീപിച്ചത് എല്ലാവരും കണ്ടതാണ്. എന്നാൽ ജഡേജയും സുന്ദറും സ്‌റ്റോക്‌സിന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായിരുന്നില്ല. ഗൗതം ഗംഭീറും ഗില്ലും ജഡേജയുടെയും സുന്ദറിന്റെയും സെഞ്ച്വറികൾക്ക് അധികം അകലമില്ലാത്തതിനാൽ ബാറ്റിംഗ് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും സമനിലയിൽ ഒതുങ്ങാമെന്നുള്ള തന്റെ വാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സ് രോഷാകുലനാവുകയായിരുന്നു. സാധാരണഗതിയിൽ മത്സരഫലം ഉണ്ടാവില്ലെന്ന് തോന്നുകയാണെങ്കിൽ രണ്ട് ക്യാപ്റ്റൻമാർക്കും കൈ കൊടുത്ത് സമനിലയ്ക്ക് സമ്മതിക്കാം.
എന്നാൽ ഇവിടെ ഇന്ത്യൻ ടീമും മാനേജ്‌മെന്റും ബാറ്റിംഗ് തുടരാൻ ആവശ്യപ്പെടുകയായിരുന്നു. സമനില നേടാൻ കഠിനാധ്വാനം ചെയ്‌ത ജഡേജയും സുന്ദറും യഥാക്രമം 89ഉം 80ഉം റൺസുമായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു സ്‌റ്റോക്‌സ് രംഗ പ്രവേശം ചെയ്‌തത്. പിന്നാലെ സ്‌റ്റോക്‌സ് അമ്പയറെ സമീപിച്ചെങ്കിലും ഇന്ത്യൻ ടീം തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതാണ് ഇംഗ്ലണ്ട് നായകനെ ചൊടിപ്പിച്ചത്.
'എല്ലാ കഠിനാധ്വാനവും ഇന്ത്യയാണ് ചെയ്‌തതെന്ന് ഞാൻ കരുതുന്നു. അവർ രണ്ടുപേരും (വാഷിയും ജഡേജയും) അവിശ്വസനീയമാം വിധം നന്നായി കളിച്ചു. വ്യക്തമായും ഒരു ഫലം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു മത്സരം കൂടി ബാക്കി നിൽക്കെ എന്റെ മുൻനിര ഫാസ്‌റ്റ് ബൗളർമാരിൽ ആരെയും പരിക്കേൽപ്പിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല' മത്സര ശേഷം സ്‌റ്റോക്‌സ് അതിന്റെ കാരണം പറഞ്ഞു.
'അതെ, നോക്കൂ ഈ ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ, ബൗളിംഗ് വിഭാഗത്തിൽ നിന്ന് എത്രമാത്രം പരിശ്രമവും ഊർജ്ജവും ചെലവഴിച്ചു എന്നതിനെക്കുറിച്ച് സംഭാഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഇനിയുള്ള ദിവസങ്ങൾ നമ്മൾ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതുണ്ട്. ഏത് സമയത്തും നമുക്ക് വിളിക്കാൻ കഴിയുന്ന ഒരു കൂട്ടം ഫാസ്‌റ്റ് ബൗളർമാരെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ സമയത്ത് നമ്മൾ വളരെ ഭാഗ്യവാന്മാരാണ്' ബൗളർമാരുടെ കാര്യത്തിൽ നായകൻ നിലപാട് വ്യക്തമാക്കി.
അതിനിടെ മത്സരത്തിന്റെ അവസാന മണിക്കൂറുകളിൽ ജഡേജയോടും സുന്ദറിനോടും സമനിലയ്ക്ക് വേണ്ടി ചോദിച്ച ബെൻ സ്‌റ്റോക്‌സ് മത്സര ശേഷം ഇരുവരുമായും ഹസ്‌തദാനം ചെയ്യാൻ വിസമ്മതിച്ചു എന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ജയം പ്രതീക്ഷിച്ച മത്സരം കൈവിട്ടുപോയതോടെ ഇംഗ്ലീഷ് നായകന്റെ സംയമനം നഷ്‌ടമായി എന്നാണ് ആരാധകർ പറയുന്നത്.
അതിനിടെ ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്‌റ്റിൽ സമനില നേടിയതോടെ ഇന്ത്യയ്ക്ക് അവസാന ടെസ്‌റ്റ് പ്രതീക്ഷയുള്ളതായി. നിലവിൽ ഒരു ടെസ്‌റ്റ് ഇന്ത്യയും രണ്ട് ടെസ്‌റ്റ് ഇംഗ്ലണ്ടുമാണ് ജയിച്ചത്. ഒരു മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്‌തു. അവസാന ടെസ്‌റ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്‌ടമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications