സെന്റ് ലൂസിയ: ഇംഗ്ലണ്ട് വെസ്റ്റിന്റീസ് മൂന്നാം ടെസ്റ്റിനിടെ ക്രിക്കറ്റ് ചരിത്രത്തില്‍ അത്യപൂര്‍വമായ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറി. പുറത്തായി ഡ്രസ്സിങ് റൂമിലെത്തുയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍സ്റ്റോക്‌സിനെ അമ്പയര്‍ തിരികെ വിളിച്ച് കളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സ്റ്റോക്‌സ് പുറത്തായത് നോബോളിലാണെന്ന് ടിവി റീപ്ലേയില്‍ വ്യക്തമായതിനെ തുടര്‍ന്ന് മൂന്നാം അമ്പയറാണ് സ്റ്റോക്‌സിന് ജീവിന്‍ തിരികെ നല്‍കിയത്.
അല്‍സാരി ജോസഫിന്റെ പന്തില്‍ 52 റണ്‍സെടുത്തിരിക്കെ ബൗളര്‍തന്നെ പിടിച്ചാണ് സ്റ്റോക്‌സ് പുറത്തായത്. ഇതോടെ താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും തന്റെ സുരക്ഷാ പാഡുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പന്ത് നോബോളാണെന്ന് കണ്ടത്. മൂന്നാം അമ്പയര്‍ നോബോള്‍ അറിയിച്ചതോടെ ഓണ്‍ ഫീല്‍ഡ് അമ്പയറും പന്ത് നോബോളാണെന്ന് വിളിച്ച് ബാറ്റ്‌സ്മാനെ തിരികെ വിളിച്ചു.

അതേസമയം, സ്‌റ്റോക്‌സ് പുറത്തായി മടങ്ങിയതോടെ അടുത്ത ബാറ്റ്‌സ്മാന്‍ ആയ ജോസ് ബട്‌ലര്‍ ക്രീസിലെത്തിയിരുന്നു. സ്‌റ്റോക്‌സ് മടങ്ങിയെത്തിയതോടെ ബട്‌ലര്‍ ഡ്രസ്സിങ് റൂമിലേക്ക് തിരികെപോയി. 2017ല്‍ ക്രിക്കറ്റില്‍ വരുത്തിയ നിയമമാണ് സ്‌റ്റോക്‌സിന് തുണയായത്. ഏതെങ്കിലും കളിക്കാരന്‍ പുറത്തായത് തെറ്റാണെന്ന് കണ്ടാല്‍ തിരികെ വിളിക്കാമെന്നാണ് നിയമം.
സാധാരണ രീതിയില്‍ ബാറ്റ്‌സ്മാന്‍ നോബോള്‍ പരിശോധനയ്ക്ക് മുന്‍പ് മൈതാനം വിടാറില്ല. ഇത്തവണ സ്റ്റോക്‌സ് പവലിയനിലെത്തിയിട്ടും നിയമത്തിന്റെ ആനുകൂല്യം ലഭിച്ചു. തിരികെയെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് സ്റ്റോക്‌സ് പിന്നീട് പറഞ്ഞു. നിയമത്തിന് നന്ദി. താന്‍ പാന്റ്‌സ് മാറ്റുന്നതിന് മുന്‍പ് തിരികെ വിളിച്ചത് നന്നായെന്നും സ്‌റ്റോക്‌സ് പറഞ്ഞു.