കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 189 റണ്‍സ് വിജയവുമായി ഇംഗ്ലണ്ട്. 438 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ചാംദിനം 248 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയില്‍ അഞ്ചാംദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ജയം എത്തിപ്പിടിക്കാനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി.
വിജയപ്രതീക്ഷയുമായി രണ്ടാം ഇന്നിങ്‌സിലിറങ്ങിയ ആതിഥേയര്‍ക്കുവേണ്ടി പീറ്റര്‍ മലാന്‍(84), ഡീന്‍ എല്‍ഗര്‍(34), ക്വിന്റണ്‍ ഡി കോക്ക്(50) എന്നിവര്‍ മാത്രമാണ് പൊരുതിയത്. അഞ്ച് കളിക്കാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്‌സ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോ ഡെന്‍ലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റും സ്റ്റിയുവര്‍ട്ട് ബ്രോഡ്, ഡോം ബെസ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡോം സിബ്ലി(133) സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് (61), ബെന്‍ സ്റ്റോക്സ് (72) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ജയിച്ചതോടെ പരമ്പരയില്‍ ഒപ്പമെത്തിക്കഴിഞ്ഞു. നാല് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ജനുവരി 16ന് നടക്കും.