സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങള്‍ വിവാദത്തില്‍. കര്‍ണാടക ബാറ്റ്സ്മാന്‍ കെ എല്‍ രാഹുല്‍, ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ്, ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ കളിക്കാരാണ് വിവാദത്തില്‍ പെട്ടത്. ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതാണ് താരങ്ങള്‍ക്ക് വിനയായത്.
കെ എല്‍ രാഹുലിന്റെ കയ്യിലായിരുന്നു ബിയര്‍ ബോട്ടില്‍. ഉമേഷ് യാദവ്, ബിന്നി എന്നിവര്‍ക്കൊപ്പം ടീം മാനേജ്‌മെന്റിലെ ഒരാളെയും ചിത്രത്തില്‍ കാണാം. താരങ്ങള്‍ ബിയറുമൊത്ത് നില്‍ക്കുന്ന സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരങ്ങളുടെ നിരുത്തരവാദിത്തപരമായ ഈ സമീപനത്തില്‍ ബി സി സി ഐ അസന്തുഷ്ടി അറിയിച്ചിട്ടുണ്ട്.

ഒരുപാട് കുട്ടികള്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ല എന്നാണ് ബി സി സി ഐയുടെ നിലപാട്. ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി ടീം മാനേജര്‍ വഴി താരങ്ങളെ അറിയിച്ചിട്ടുണ്ട്. കളിക്കളത്തിലും പുറത്തും ക്രിക്കറ്റ് താരങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് വീക്ഷിക്കുന്ന ഒരുപാട് കുട്ടികള്‍ നമുക്കുണ്ട്. അവര്‍ക്ക് മോശമായ ഒരു സന്ദേശം നല്‍കുന്നത് ശരിയല്ല.
സംഭവം വിവാദമായതോടെ കെ എല്‍ രാഹുല്‍ ചിത്രം ഡിലീറ്റ് ചെയ്തു. രണ്ട് ഇന്നിംഗ്സുകളില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി മികച്ച ഫോമിലാണ് രാഹുല്‍. നന്നായി കളിക്കുന്നുണ്ടെങ്കിലും മുരളി വിജയും ശിഖര്‍ ധവാനുമടങ്ങുന്ന ഇന്ത്യന്‍ ടീമില്‍ രാഹുലിന് ഇടം കിട്ടുമോ എന്ന കാര്യം ഉറപ്പില്ല. നാല് ടെസ്റ്റുകളാണ് ഈ പര്യടനത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്.