ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അത്ര പോരെന്ന് ഇതിഹാസ സ്പിന്നറും മുന്‍ നായകനുമായ ബിഷന്‍ സിംഗ് ബേദി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാഗ്യവാനായ ക്യാപ്റ്റനാണ് ധോണി. സാക്ഷാല്‍ പട്ടൗഡിക്കും സുനില്‍ ഗാവ്‌സകറിനും പോലും ലഭിക്കാത്ത അധികാരങ്ങള്‍ ധോണിക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്. എന്നാല്‍ കളത്തിന് പുറത്ത് ധോണിയുടെ പെരുമാറ്റം അത്ര ശരിയല്ല - ബേദി പറഞ്ഞു.
ബി സി സി ഐയുടെ കരാര്‍ വ്യവസ്ഥയെയും ബേദി ചോദ്യം ചെയ്തു. സുരേഷ് റെയ്‌നയെയും ചേതേശ്വര്‍ പൂജാരയെയും നിങ്ങള്‍ ഒരുപോലെയാണോ കാണുന്നത്. റെയ്‌നയെക്കാള്‍ മികച്ച കളിക്കാരനായിട്ടും പൂജാരയെ ബി സി സി ഐ കോണ്‍ട്രാക്ടില്‍ ബി ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ടീമില്‍ നിന്നും പുറത്തുപോകാനിരിക്കുന്ന സുരേഷ് റെയ്‌നയാകട്ടെ എ ഗ്രൂപ്പിലും.

ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ അടുത്ത ആളായത് കൊണ്ടാണ് സുരേഷ് റെയ്‌ന എ ഗ്രൂപ്പില്‍ വരുന്നതെന്നും ബേദ് ആരോപിച്ചു. എ ഗ്രൂപ്പില്‍ പെട്ട കളിക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ബി ഗ്രൂപ്പില്‍ പെട്ട കളിക്കാര്‍ക്ക് 50 ലക്ഷം രൂപയുമാണ് വാര്‍ഷിക ശമ്പളം. തങ്ങളുടെ കാലത്ത് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഒരു ദിവസം 50 രൂപ വെച്ചാണ് പ്രതിഫലം കിട്ടിയിരുന്നത് - ശന്തനു ഗുഹ റോയി ധോണിയെക്കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി വി എസ് ലക്ഷ്മണ്‍ പോലും ധോണിയുടെ കളത്തിന് പുറത്തെ പെരുമാറ്റത്തെ ചോദ്യം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന സമയത്താണ് ലക്ഷ്മണ്‍ ധോണിക്കെതിരെ പരാതിപ്പെട്ടത്. ധോണിയെ വിളിച്ചാല്‍ കിട്ടില്ലെന്നായിരുന്നു വി വി എസ് പറഞ്ഞത്. ലക്ഷ്മണിനെപ്പോലെ സീനിയറായ ഒരു കളിക്കാരന് പോലും ധോണിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നത് അക്കാലത്ത് വന്‍ വിവാദമായിരുന്നു.