മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകന്‍ ആരെന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഇന്ന് (ജൂണ്‍ 23 വ്യാഴാഴ്ച) ധരംശാലയില്‍ നടക്കുന്ന ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പുതിയ കോച്ചിനെ പ്രഖ്യാപിക്കും എന്ന് ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂറാണ് അറിയിച്ചത്. ഇന്ത്യക്കാരനായിരിക്കും പുതിയ കോച്ച് എന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
ഇന്ത്യന്‍ ഭാഷ സംസാരിക്കുന്ന ആള്‍ക്കാണ് മുന്‍ഗണന എന്ന് ബി സി സി ഐ പ്രഖ്യാപിച്ചതോടെയാണ് പുതിയ കോച്ച് ഇന്ത്യക്കാരനായിരിക്കും എന്ന സംശയം വന്നത്. ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും മുമ്പ് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിംബാബ്വെ പര്യടനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറാണ്.

7 പേരാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചച്ചത്. ജൂണ്‍ പത്തായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതില്‍ 36 പേരുടെ അപേക്ഷകള്‍ ബി സി സി ഐ പ്രാഥമിക പരിശോധനയില്‍ തന്നെ തള്ളി. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിക്കാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുളള ചുമതല.
മുന്‍ ക്യാപ്റ്റന്‍മാരായ രവി ശാസ്ത്രി, അനില്‍ കുംബ്ലെ, മുന്‍ കര്‍ണാടക ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ് തുടങ്ങിയവരാണ് അപേക്ഷകരിലെ പ്രമുഖര്‍. രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയും താല്‍ക്കാലിക കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ഐ പി എല്‍ ടീമുകളുടെ മെന്ററായിരുന്നു കുംബ്ലെ. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അഭിമുഖത്തിന് ക്ഷണം കിട്ടിയിരുന്നില്ല.