T20 WC 2026: പാകിസ്ഥാന്‍ വെറും 'പാവം'! ബിസിസിഐയുടെ വരുമാനക്കണക്ക് കേട്ടാല്‍ തല കറങ്ങും
പത്തോളം ദിവസത്തെ നാടകീയതകൾക്കൊടുവിൽ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ മത്സരത്തിനിറങ്ങും എന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരാധകരുടെ ആവേശത്തിന് മാത്രമല്ല, ക്രിക്കറ്റ് ബോർഡുകളുടെയും ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഐസിസിയുടെയും വാണിജ്യപരമായ ലാഭ വിഹിതങ്ങളും ഇതിൽ ചർച്ചയാകുന്നുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ. ഐസിസിയുടെ കണക്കനുസരിച്ച് ഒരു ഇന്ത്യ-പാക് മത്സരത്തിന്റെ വാണിജ്യ മൂല്യം 1,800 കോടി മുതൽ 2,200 കോടി രൂപ വരെയാണ് (200-250 മില്യൺ ഡോളർ). ആഗോള ക്രിക്കറ്റ് വരുമാനത്തിന്റെ 70 ശതമാനത്തിലധികവും ഇന്ത്യയിൽ നിന്നായതിനാൽ ബിസിസിഐ ആണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.
വരുമാനക്കണക്കിലെ ഇന്ത്യയുടെ പവർ:
2024 മുതൽ 2027 വരെയുള്ള ഐസിസിയുടെ നാല് വർഷത്തെ വരുമാന സൈക്കിളിൽ 38.50 ശതമാനവും ബിസിസിഐക്ക് ലഭിക്കും. ഇത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം കൂടി ചേർന്ന് നേടുന്നതിനേക്കാൾ കൂടുതലാണ്. ഏകദേശം 2,079 കോടി രൂപയാണ് ബിസിസിഐയുടെ വിഹിതം. അതേസമയം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (PCB) വെറും 5.75 ശതമാനം (310 കോടി രൂപ) മാത്രമാണ് ലഭിക്കുന്നത്. എങ്കിലും സാമ്പത്തികമായി ഇരു ടീമുകൾക്കും ഈ പോരാട്ടം വലിയ നേട്ടമാണ് നൽകുന്നത്.

മൈതാനത്തെ കണക്കുകൾ:
കളിക്കളത്തിലെ റെക്കോർഡുകളിലും ഇന്ത്യക്ക് പാകിസ്ഥാനേക്കാൾ വലിയ മുൻതൂക്കമുണ്ട്. ടി20 ക്രിക്കറ്റിൽ ഇതുവരെ ഏറ്റുമുട്ടിയ 16 മത്സരങ്ങളിൽ 13 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാനമായി 2024 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ വെറും 119 റൺസ് മാത്രം പ്രതിരോധിച്ച ഇന്ത്യ ജസ്പ്രീത് ബുംറയുടെ (3 വിക്കറ്റ്) മികവിൽ പാകിസ്ഥാനെ തകർത്തിരുന്നു. ടി20യിൽ മൂന്ന് വർഷമായി ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല.
ഈ ടൂർണമെന്റിൽ പാകിസ്ഥാന്റെ സമീപനം വേറിട്ടതാണ്. ന്യൂബോൾ നൽകുന്ന ശക്തമായ തുടക്കവും മധ്യ ഓവറുകളിൽ സ്‌പിന്നർമാരെ ഉപയോഗിച്ച് എതിരാളികളെ മന്ദഗതിയിലാക്കുന്നതുമാണ് അവരുടെ തന്ത്രം. മികച്ച പേസ് ബൗളറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും അവർ പുറത്തിരുത്തി. എതിരാളികളെ വരിഞ്ഞുമുറുക്കി വിജയിക്കാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യം ഇത് വ്യക്തമാക്കുന്നു.
പാകിസ്ഥാൻ തന്ത്രങ്ങൾ മാറ്റി മെനയുമ്പോൾ ഇന്ത്യയെ അലട്ടുന്നത് സ്റ്റാർ ബാറ്റ്സ്മാൻ അഭിഷേക് ശർമ്മയുടെ അസുഖമാണ്. താരം പൂർണമായും റിക്കവർ ചെയ്തെങ്കിലും പാകിസ്ഥാനെതിരെ എന്ത് ടാക്ടിക്സായിരിക്കും ഉപയോഗിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ആർക്കും പിടിയില്ല. പൊതുവെ സ്ലോ ബൗളേഴ്സിനെ തുണയ്ക്കുന്ന പ്രേമദാസയിലെ പിച്ചിൽ സ്പിന്നർമാർ പൂന്തുവിളയാടും എന്നുറപ്പാണ്. പൊതുവെ അഭിഷേക് സ്വീകരിക്കുന്ന ഹാർഡ് അറ്റാക്ക് ശൈലി പ്രേമദാസയിൽ ഗുണം ചെയ്യുമോ എന്ന് കണ്ടുതന്നെ അറിയാം. അതുപോലെത്തന്നെ ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവ് പാകിസ്ഥാനെതിരെ പന്തെറിയും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രേമദാസയിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications