കൊല്‍ക്കത്ത: കോവിഡ് 19യുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ആഭ്യന്തര ക്രിക്കറ്റ് തിരിച്ചുവരുന്നു. ജനുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് അസോസിയേഷനകളുമായി ബിസിസി ഐ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബയോ ബബിള്‍ സുരക്ഷയൊരുക്കി താരങ്ങളെ ഹോട്ടലുകളില്‍ താമസിപ്പിച്ച് ടൂര്‍ണമെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമായും ബംഗാളില്‍ മത്സരങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളുമായി (സിഎബി) ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്. അനുകൂലമായ നിലപാടാണ് ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിവരം. അടുത്ത വര്‍ഷത്തെ ഐപിഎല്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ നടക്കും. അതിന് മുമ്പായി മെഗാ താരലേലം നടത്താന്‍ ആലോചിക്കുന്നുണ്ട്.
അതിനാല്‍ത്തന്നെ ഇതിന് മുമ്പായി സയ്യിദ് മുഷ്താഖ് അലി ട്രോഫി നടത്തിയാല്‍ നിരവധി യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരം കൂടിയാവും ഇതെന്നാണ് കരുതുന്നത്. ഐപിഎല്ലിന് മുമ്പായി താരങ്ങള്‍ക്ക് കളിച്ച് ഫോം കണ്ടെത്താനുള്ള അവസരം കൂടി ഇതിലൂടെ ലഭിക്കും. എം എസ് ധോണിയടക്കമുള്ള താരങ്ങള്‍ക്ക് ഐപിഎല്ലിന് മുമ്പ് ഫോം കണ്ടെത്താന്‍ ആഭ്യന്തര മത്സരം കളിക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ധോണിയും കളിക്കാനുള്ള സാധ്യത കൂടുതലാണ്. രഞ്ജി ട്രോഫിക്കായുള്ള പദ്ധതികളും ഇതിനിടെ ബിസിസി ഐ തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞിടെ ആഭ്യന്തര മത്സരങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവിശ്യകത ചൂണ്ടിക്കാട്ടി നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ യുവതാരങ്ങളെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ് ആഭ്യന്തര മത്സരങ്ങള്‍ നീണ്ട് പോകുന്നതെന്നാണ് ദ്രാവിഡ് പറഞ്ഞത്. അടുത്ത ദിവസം തന്നെ ടൂര്‍ണമെന്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

ഇന്ത്യയില്‍ സാമൂഹ്യ വ്യാപനത്തിന് കുറവില്ലാത്തതിനാല്‍ ഒന്നിലധികം സ്ഥലത്ത് ടൂര്‍ണമെന്റ് നടത്തുക എളുപ്പമല്ല. യാത്ര ചെയ്യുന്നത് കോവിഡ് ബാധ ഏല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുമെന്നതിനാലാണ് ഒരു ക്രിക്കറ്റ് അസോസിയേഷന് കീഴിലെ ഒന്നിലധികം സ്‌റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നത്. 'ഐപിഎല്‍ താരലേലം അടുത്ത വര്‍ഷം നടക്കുന്നതിനാല്‍ അതിന് മുമ്പായി സയ്യിദ് മുഷ്താഖ് അലി ട്രോഫി നടത്തേണ്ടത് ഇന്ത്യന്‍ യുവതാരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രഞ്ജി ട്രോഫിക്ക് മുമ്പ് തന്നെ സയ്യിദ് മുഷ്താഖ് അലി നടത്തുന്നതാണ് ഉചിതം'-ഒരു ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തം പിടി ഐയോട് പറഞ്ഞു. ടൂര്‍ണമെന്റിന് വേദിയാവാന്‍ താല്‍പര്യം അറിയിച്ച് അഞ്ചോളം ക്രിക്കറ്റ് അസോസിയേഷനുകളാണ് ബിസിസിഐയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം. ബംഗാളില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് കൂടുതല്‍ സാധ്യത.