ദില്ലി: പതിറ്റാണ്ടുകളായി മുംബൈയിലെ വാംഖഡെ സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡായ ബിസിസിഐയുടെ പ്രവര്‍ത്തനം. എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ബിസിസിഐയുടെ ആസ്ഥാനം താമസിയാതെ ബാംഗ്ലൂരിലേക്ക് മാറും. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യുടെ പണി പൂര്‍ത്തിയാകുന്നതോടെ ഹെഡ് ഓഫിസും മാറ്റാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന്.
ബാംഗ്ലൂരില്‍ 40 ഏക്കര്‍ സ്ഥലമാണ് ബിസിസിഐ സ്വന്തമാക്കിയിട്ടുള്ളത്. ഇവിടെ ക്രിക്കറ്റ് അക്കാദമിക്കൊപ്പം പഞ്ചനക്ഷത്ര താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഓഫിസ് മാറ്റുന്നതിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന മെബര്‍മാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
നിലവിലുള്ള ഓഫിസിന്റെ പരിമിതികളെ കുറിച്ച് എല്ലാവര്ക്കും അറിയാം. അതിനെ വിപുലീകരിക്കാനുള്ള സാധ്യതയും കുറവാണ്. ബാംഗ്ലൂരിലെ എയര്‍പോര്‍ട്ടിന് അടുത്തായാണ് ഈ 40 ഏക്കര്‍ സ്ഥലം കിടക്കുന്നത്. യാത്രയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കൂടാതെ ഇതിനുള്ളില്‍ തന്നെ താമസസൗകര്യം ഒരുക്കുന്നതിനാല്‍ ബോര്‍ഡ് മെംബര്‍മാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതും എളുപ്പമായിരിക്കും-ഖന്ന വ്യക്തമാക്കി.