IPL 2020: ഈ വര്‍ഷം 'കള്ളക്കളി' നടക്കില്ല, പക്ഷെ ബിസിസിഐക്ക് ഒരാശങ്കയുണ്ട്
ഈ വര്‍ഷം ഐപിഎല്ലില്‍ 'കള്ളക്കളി' നടക്കില്ല. പറയുന്നത് മറ്റാരുമല്ല, ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ് മേധാവി അജിത് സിങ് തന്നെ. യുഎഇയില്‍ പ്രത്യേക ജൈവസുരക്ഷാ സന്നാഹങ്ങളൊരുക്കിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പുറമെ നിന്നാര്‍ക്കും താരങ്ങളുമായോ മാനേജ്‌മെന്റുമായോ ബന്ധപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് ഒത്തുകളിക്കുള്ള സാധ്യത ഈ വര്‍ഷം തീരെയില്ലെന്ന് അജിത് സിങ് പറയുന്നു.

ഇതേസമയം, സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഒരുപക്ഷെ വാതുവെയ്പുകാര്‍ സമൂഹമാധ്യമങ്ങള്‍ വഴി കളിക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചേക്കാമെന്ന സൂചന ഇദ്ദേഹം നല്‍കുന്നു. ഇന്ത്യയില്‍ കൊവിഡ് ബാധ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ യുഎഇയിലേക്ക് പറിച്ചുനടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചത്.

ഇതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ബിസിസിഐ വാങ്ങി. 53 ദിവസമാണ് ടൂര്‍ണമെന്റ്. ദുബായ്, അബുദാബി, ഷാര്‍ജ സ്‌റ്റേഡിയങ്ങൡലായി മത്സരങ്ങള്‍ നടക്കും. സെപ്തംബര്‍ 19 -നാണ് ഐപിഎല്‍ 2020 പതിപ്പിന് തിരിതെളിയുക. നവംബര്‍ 10 -ന് ഫൈനല്‍ അരങ്ങേറും. ഓഗസ്റ്റ് 20 മുതലാണ് ടീമുകള്‍ ദുബായില്‍ എത്തിത്തുടങ്ങുക.

അഴിമതി വിരുദ്ധ യൂണിറ്റിന്റെ വീക്ഷണത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കള്ളക്കളികള്‍ തീരെയുണ്ടാവില്ല. ടീമുകളുമായും സപ്പോര്‍ട്ട് സ്റ്റാഫുകളുമായും പുറമെക്കാര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നതുതന്നെ കാരണം. പ്രത്യേക 'ബയോസെക്യൂര്‍ ബബിളിനകത്താണ്' എട്ടു ടീമുകളുടെയും താമസം. ഓരോരുത്തരുടെയും നീക്കങ്ങള്‍ ഡിജിറ്റല്‍ തലത്തില്‍ നിരീക്ഷിക്കപ്പെടും. താരങ്ങള്‍ക്കും മാനേജ്‌മെന്റിനും മേല്‍ കര്‍ശനമായ സഞ്ചാര നിയന്ത്രണങ്ങളുമുണ്ടായിരിക്കും.

പൊതുവേ താരങ്ങള്‍ തങ്ങുന്ന ഹോട്ടല്‍ ലോബികളിലാണ് വാതുവെയ്പ്പുകാര്‍ ചെല്ലാറ്. സ്‌പോണ്‍സര്‍മാരായാണ് ഇവര്‍ സ്വയം പരിചയപ്പെടുത്താറും. എന്തായാലും ഇക്കുറി ഈ പതിവുകളൊന്നുമുണ്ടായിരിക്കില്ലെന്ന് അജിത് സിങ് ഒരു രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി.
ഇതേസമയം, സമൂഹമാധ്യമം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നേരിട്ടു വരുന്നതിന് പകരം സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ വാതുവെയ്പുകാര്‍ ശ്രമിച്ചേക്കും.

ഈ സാഹചര്യം മുന്‍നിര്‍ത്തി ഐപിഎല്ലില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ്. ഓരോ ടീമിനും രണ്ടുവീതം സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് അജിത് സിങ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ ഭാഗമായിരിക്കില്ല. ടീമിനൊപ്പം സദാനേരം സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കും. 2013 -ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തിന് ശേഷമാണ് ഇന്റഗ്രിറ്റി ഓഫീസര്‍മാര്‍ക്ക് പകരം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ബിസിസിഐ ചട്ടം പുറപ്പെടുവിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications