കൊല്‍ക്കത്ത: പത്ര സമ്മേളനത്തിലൂടെ വിരാട് കോലി നടത്തിയ തുറന്ന് പറച്ചിലുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. സൗരവ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് കോലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത്. ഗാംഗുലിക്ക് നേരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായിട്ടും അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കോലിയുടെ പത്ര സമ്മേളനത്തെക്കുറിച്ച് ഗാംഗുലി മൗനം വെടിഞ്ഞിരിക്കുകയാണ്.
കോലിയുടെ പത്ര സമ്മേളനവുമായി ബന്ധപ്പെട്ട വിഷയം വിട്ടേക്കൂവെന്നും അത് വേണ്ടവിധത്തില്‍ ബിസിസി ഐ കൈകാര്യം ചെയ്‌തോളാമെന്നുമാണ് ഗാംഗുലി പറഞ്ഞത്. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം. 'കോലിയുമായി ബന്ധപ്പെട്ട വിഷയം ഞങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളാം. അത് ബിസിസി ഐക്ക് വിടൂ. ഇത് സംബന്ധിച്ച് മറ്റൊരു പ്രതികരണമോ വാര്‍ത്താ സമ്മേളനമോ ഇല്ല' എന്നാണ് ഗാംഗുലി പറഞ്ഞത്.

ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി ഇതില്‍ മറുപടിയുമായി രംഗത്തെത്തിയാല്‍ മറ്റൊരു വിവാദത്തിലേക്ക് കാര്യങ്ങള്‍ പോകും. കോലി-ഗാംഗുലി തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ടീമിനും ഗുണകരമായിരിക്കില്ല. അതുകൊണ്ട് തന്നെയാണ് മറ്റ് പ്രതികരണങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് ഗാംഗുലി പറഞ്ഞത്. ഗാംഗുലിയുടെ പ്രതികരണമെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.
കോലി ടി20 നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചപ്പോള്‍ വ്യക്തിപരമായി കോലിയെ വിളിക്കുകയും തീരുമാനം മാറ്റണമെന്ന് ആവിശ്യപ്പെടുകയും ചെയ്തുവെന്നാണ് ഗാംഗുലി കഴിഞ്ഞിടെ പറഞ്ഞത്. എന്നാല്‍ തീരുമാനം മാറ്റണമെന്ന് തന്നോടാരും ആവിശ്യപ്പെട്ടിട്ടില്ലെന്നാണ് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രണ്ട് കൂട്ടരും വിഭിന്നമായി പ്രതികരിച്ചതോടെ ആര് പറഞ്ഞതാണ് സത്യമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ നീക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നില്ലെന്നും തീരുമാനത്തിന്റെ ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് തന്നെ കാര്യങ്ങള്‍ അറിയിച്ചതെന്നുമാണ് കോലി വെളിപ്പെടുത്തിയത്. ഇതും വലിയ ചര്‍ച്ചാവിഷയമായി. ഏകദിനത്തില്‍ 70ന് മുകളില്‍ വിജയശതമാനമുള്ള നായകനാണ് കോലി. എന്നിട്ടും അപ്രതീക്ഷിതമായി ഇത്തരത്തില്‍ നീക്കിയത് ശരിയല്ലെന്നാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെട്ടത്. ഐസിസി കിരീടം നേടാനാവാത്തത് കോലിയുടെ കരിയറില്‍ വലിയ തിരിച്ചടിയായെന്ന് പറയാം.
രോഹിത്തിനെ ക്യാപ്റ്റനാക്കിയതില്‍ കോലിക്ക് എതിര്‍പ്പുണ്ടെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഇതിനെ പൂര്‍ണ്ണമായി തള്ളുന്ന നിലപാടാണ് കോലി സ്വീകരിച്ചത്. ഇത് മാധ്യമ സൃഷ്ടിയാണെന്നും എപ്പോഴും ടീം സെലക്ഷന് ലഭ്യമായിരിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുമെന്നും കോലി പറഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. തന്ത്രങ്ങള്‍ മെനയാന്‍ വളരെ മിടുക്കുള്ള ക്യാപ്റ്റനാണ് രോഹിത്തെന്നും ഐപിഎല്ലിലൂടെയും ഇന്ത്യന്‍ ടീമിലൂടെയും എല്ലാവരും അത് കണ്ടിട്ടുള്ളതാണെന്നും കോലി പറഞ്ഞു.
ഏകദിന നായകസ്ഥാനം നഷ്ടപ്പെട്ടതിലെ നിരാശയും കോലി പങ്കുവെച്ചിരുന്നു. നായകസ്ഥാനത്ത് നീക്കിയതില്‍ പ്രശ്‌നമില്ലെന്നും നായകനെന്ന നിലയില്‍ തനിക്ക് സാധ്യമാകുന്നതിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിച്ചതെന്നും അതിന് സാധിച്ചെന്നാണ് വിശ്വാസമെന്നും കോലി പറഞ്ഞു. സമീപകാലത്തായി കോലിയുടെ ബാറ്റിങ് പ്രകടനം മോശമാണ്. എന്നാല്‍ നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദം ഒഴിവാകുന്നതോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി ഇന്ത്യ പുറപ്പെട്ട് കഴിഞ്ഞു. ഈ മാസം 26ന് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുന്നത്. പിന്നാലെ ഏകദിന,ടി20 പരമ്പരയും നടക്കുന്നുണ്ട്. ഈ പരമ്പരയിലെ പ്രകടനം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരിക്കും.