മുംബൈ: സ്വദേശികളും വിദേശികളുമായി ടീം ഇന്ത്യയ്ക്ക് ഇഷ്ടം പോലെ കോച്ചുമാര്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് കോച്ചാകുക എന്നത് ചില്ലറ പണിയൊന്നും അല്ല. വിജയകരമായി ഈ പണി ചെയ്തുതീര്‍ത്ത അപൂര്‍വ്വം ചിലരേ ഉള്ളൂ. അവരില്‍ ഒന്നാമനാണ് ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കിര്‍സ്റ്റണ്‍. 2011 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ശേഷമാണ്ഗാരി ഇന്ത്യ വിട്ടത്.
അതിന് ശേഷം ഇന്ത്യയ്ക്ക് നല്ലൊരു കോച്ചിനെ കിട്ടിയിട്ടില്ല. രവി ശാസ്ത്രിയാണ് ഇപ്പോള്‍ ടീം ഡയറക്ടര്‍ സ്ഥാനത്തിരുന്ന് കാര്യങ്ങള്‍ നീക്കുന്നത്. ബാറ്റിംഗ് കോച്ചായി സഞ്ജയ് ബംഗാറും ബൗളിംഗ് കോച്ചായി ആര്‍ ശ്രീധറും ടീമിനൊപ്പമുണ്ട്. മുംബൈയില്‍ ഒരു പരിപാടിക്ക് വേണ്ടി എത്തിയ ഗാരി കിര്‍സ്റ്റണ്‍ തന്നെയാണ് ബി സി സി ഐ തന്നെ ബന്ധപ്പെട്ട കാര്യം പറഞ്ഞത്.

ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ കോളുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പറ്റുന്ന സ്ഥിതിയിലല്ല താനിപ്പോള്‍. ഇന്ത്യ പോലെ ഒരു ടീമില്‍ നിന്നും വീണ്ടും വീണ്ടും ഇങ്ങനെ വിളി വരിക എന്നത് വലിയ കാര്യമാണ്. എന്തായാലും ഇപ്പോള്‍ താന്‍ മുംബൈയില്‍ വന്നത് ഇതുമായി ബന്ധപ്പെട്ടല്ല - കിര്‍സ്റ്റണ്‍ പറഞ്ഞു.
47 കാരനായ ഗാരി കിര്‍സ്റ്റണ്‍ ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കോച്ചാണ്. 2011 ല്‍ ഇന്ത്യ വിട്ട കിര്‍സ്റ്റണ്‍ പിന്നീട് കുറച്ചുകാലം ദക്ഷിണാഫ്രിക്കയുടെ കോച്ചായിരുന്നു. 2008 മുതല്‍ 2011 വരെയാണ് ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നത്. ഇതിന് ശേഷം ഡങ്കന്‍ ഫഌച്ചറായിരുന്നു ഇന്ത്യയെ പരിശീലിപ്പിച്ചത്.