മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോ മുഖ്യ സ്പോണ്‍സര്‍മാരായി ഉണ്ടാവില്ലെന്ന് ഒടുവില്‍ ബിസിസിഐ സ്ഥിരീകരിച്ചു. വിവോയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഇമെയില്‍ വഴിയാണ് ബിസിസിഐ അറിയിച്ചത്. ഐപിഎല്ലിന്റെ മുഖ്യ സ്പോണ്സര്ഷിപ്പില് നിന്നു പിന്മാറിയതായി രണ്ടു ദിവസം തന്നെ വിവോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിസിസിഐ ഇപ്പോഴാണ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.
ബിസിസിഐയും വിവോ മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കൂട്ടുകെട്ട് സസ്പെന്‍ഡ് ചെയ്യുകയാണെന്നായിരുന്നു ബിസിസിഐയുടെ ഇമെയില്‍ കുറിച്ചത്. എന്നാല്‍ എന്തു കൊണ്ടാണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നു മെയിലില്‍ പരാമര്‍ശിക്കുന്നില്ല. എങ്കിലും നിലവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് കരാര്‍ അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് സൂചനകള്‍.
ബിസിസിഐയും വിവോയും തമ്മിലുള്ള കരാര്‍ എത്ര കാലത്തേ്ക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നു വ്യക്തമല്ല. അടുത്ത സീസണില്‍ വിവോ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും 2023ല്‍ മാത്രമേ വിവോ ഇനി ബിസിസിഐയുമായി കൈകോര്‍ക്കാന്‍ സാധ്യതയുള്ളൂവെന്നുമാണ് വിവരം. 2018 മുതല്‍ 22 വരെ അഞ്ചു വര്‍ഷത്തെ കരാറായിരുന്നു നേരത്തേ ബിസിസിഐയും വിവോയും തമ്മിലുണ്ടായിരുന്നത്. 2200 കോടിയോളം രൂപയ്ക്കായിരുന്നു ഈ കരാര്‍. ഇതു പ്രകാരം ഏകദേശം 440 കോടി രൂപയാണ് വിവോ ബിസിസിഐയ്ക്കു നല്കിക്കൊണ്ടിരുന്നത്.
പുതിയ സീസണില്‍ വിവോയ്ക്കു പകരം മുഖ്യ സ്പോണ്‍സര്‍മാരെ തിരയുകയാണ് ബിസിസിഐ. 2022 വരെ പുതിയ സ്പോണ്സര്മാരായിക്കും ടൂര്‍ണമെന്റ് സ്പോണ്സര് ചെയ്യുകയെന്നാണ് സൂചന. പുതിയ സ്പോണ്സര്ഷിപ്പില് ബിസിസിഐ കരാര്‍ തുക കുറയ്ക്കാനും സാധ്യതയുണ്ട്. പ്രതിവര്‍ഷം ഏകദേശം 300 കോടി രൂപയുടെ കരാറായിരിക്കും പുതിയ സ്പോണ്‍സര്‍മാരുമായി ബിസിസിഐ ഒപ്പുവച്ചേക്കുക.