ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 24 -ന് നടക്കാനിരിക്കുകയാണ്. ഇത്തവണ അഹമ്മദാബാദിലാണ് ബിസിസിഐ അംഗങ്ങള്‍ ഒത്തുകൂടുന്നത്. പൊതുയോഗത്തിന് മുന്‍പ് ബോര്‍ഡ് അംഗങ്ങള്‍ തമ്മില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കുമെന്നാണ് പുതിയ വിവരം.
പുതുതായി ഉദ്ഘാടനം ചെയ്ത മൊട്ടേര സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന വിശേഷണമുള്ള മൊട്ടേര സ്‌റ്റേഡിയത്തില്‍ 1.14 ലക്ഷം കാണികള്‍ക്ക് ഒരേസമയമിരുന്ന് മത്സരം കാണാനുള്ള സൗകര്യമുണ്ട്. നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഭൂരിപക്ഷം മത്സരങ്ങളും മൊട്ടേര സ്റ്റേഡിയത്തിലാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

എന്തായാലും ഉദ്ഘാടന മത്സരത്തിന് മുന്‍പേ ബിസിസിഐ അംഗങ്ങള്‍ രണ്ടായി ടീം തിരിഞ്ഞ് സൗഹൃദ മത്സരം കളിക്കാനുള്ള പുറപ്പാടിലാണ്. ഒരുപക്ഷത്തെ ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി നയിക്കും. മറുപക്ഷത്തെ ബിസിസിഐ ട്രഷറിയായ ജയ് ഷായും നയിക്കും. റിപ്പോര്‍ട്ടു പ്രകാരം ഐപിഎല്‍ ചെയര്‍മാനായ രാജീവ് ശുക്ലയാണ് മാച്ച് റഫറി. ഗാംഗുലിയെക്കൂടാതെ ബോര്‍ഡ് അംഗങ്ങളായ 28 പേരാണ് വാര്‍ഷിക പൊതുയോഗത്തിനായി അഹമ്മദാബാദിലെത്തുന്നത്. ബിസിസിഐയുടെ 89 -മത് വാര്‍ഷിക പൊതുയോഗമാണ് നടക്കാനിരിക്കുന്നതും. ആഭ്യന്തര ടൂര്‍ണമെന്റുകളുടെ പുനരാരംഭം, പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ അവതരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നിലവില്‍ ഐപിഎല്ലില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികളെക്കൂടി അവതരിപ്പിക്കാന്‍ ബിസിസിഐക്ക് താത്പര്യമുണ്ട്. എന്നാല്‍ 2021 ഐപിഎല്‍ സീസണിന് കഷ്ടിച്ച് നാലു മാസം മാത്രം മുന്നില്‍നില്‍ക്കെ പുതിയ ടീമുകള്‍ കടന്നുവന്നാല്‍ ടൂര്‍ണമെന്റിന്റെ താളം പാടെ തെറ്റും. മെഗാ ലേലം നടത്തണമെന്നതുതന്നെയാണ് പ്രധാന പ്രതിസന്ധി. അതുകൊണ്ട് 2021 ഐപിഎല്‍ സീസണില്‍ ഇപ്പോഴുള്ള എട്ടു ഫ്രാഞ്ചൈസികള്‍ തന്നെയായിരിക്കും പങ്കെടുക്കുക. 2022 സീസണിന് മുന്നോടിയായി പുതിയ ഫ്രാഞ്ചൈസികളെ അവതരിപ്പിക്കാനും മെഗാ ലേലം നടത്താനും ബിസിസിഐ മുന്‍കയ്യെടുക്കും.
ഇന്ത്യാ - ഇംഗ്ലണ്ട് പരമ്പരയുടെ നടത്തിപ്പാണ് പൊതുയോഗത്തിന്റെ മറ്റൊരു മുഖ്യ അജണ്ട. ഒപ്പം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിന് സംഭവിച്ച പാളിച്ചകളും ബിസിസിഐ വിലയിരുത്തും. അധ്യക്ഷപദവിയില്‍ കയറിയതിന് ശേഷം ബിസിസിഐ ഏര്‍പ്പെട്ട ഏതാനും ചില ബ്രാന്‍ഡ് കരാറുകളെ കുറിച്ച് സൗരവ് ഗാംഗുലി ഗൗരവമേറിയ ചോദ്യങ്ങള്‍ നേരിടുമെന്നും സൂചനയുണ്ട്.
Source: TimesNow