ധാക്ക: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമനടപടിക്ക്. ബോര്‍ഡുമായുള്ള കരാര്‍ ലംഘിച്ച് ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതാണ് ബംഗ്ലാദേശിന്റെ ടെസ്റ്റ്, ട്വന്റി-20 നായകനെ വെട്ടിലാക്കിയത്. പ്രമുഖ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍ ഗ്രാമീണ്‍ഫോണുമായി ഷാക്കിബ് അല്‍ ഹസന്‍ ചൊവാഴ്ച്ച സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പിടുകയായിരുന്നു. ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുന്‍ സ്‌പോണ്‍സറാണ് ഗ്രാമീണ്‍ഫോണ്‍. ഇതേസമയം, ഷാക്കിബും കമ്പനിയും തമ്മിലെ കരാര്‍ തുക ഇതുവരെ പുറത്തുവന്നിട്ടില്ല.

ബോര്‍ഡുമായുള്ള കരാര്‍ ലംഘിച്ചാണ് ഷാക്കിബ് അല്‍ ഹസന്‍ സ്‌പോര്‍ണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതെന്നും ഇതില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരി ശനിയാഴ്ച്ച വ്യക്തമാക്കി. വിഷയത്തില്‍ ഷാക്കിബിനോടും ഫോണ്‍ കമ്പനിയോടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരം ആവശ്യപ്പെടും.
2009-2011 കാലഘട്ടത്തില്‍ ഗ്രാമീണ്‍ഫോണായിരുന്നു ബംഗ്ലാദേശ് ടീമിന്റെ സ്‌പോണ്‍സര്‍. നോര്‍വെ ടെലികോം കമ്പനി ടെലനോറിനാണ് ഗ്രാമീണ്‍ഫോണില്‍ ഭൂരിപക്ഷം ഓഹരി. 2015 -ല്‍ ടീം സ്‌പോണ്‍സര്‍ഷിപ്പ് കിട്ടാതെ വന്നപ്പോഴാണ് ക്രിക്കറ്റു താരങ്ങളുമായി കമ്പനി വ്യക്തിഗത കരാര്‍ ഒപ്പിടാന്‍ തുടങ്ങിയത്. സാമ്പത്തികമായി വന്‍നഷ്ടം സംഭവിക്കുമെന്ന് കണ്ട ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ നീക്കം പിന്നാലെ വിലക്കി.

നിലവില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് ടെലികോം കമ്പനികളുമായി വ്യക്തിഗത കരാറില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ലെന്ന് ബിസിബി പ്രസിഡന്റ് നസ്മുള്‍ ഹസനും സംഭവത്തില്‍ പ്രതികരിച്ചു. നേരത്തെ ഷാക്കിബിന്റെ നേതൃത്വത്തിലായിരുന്നു താരങ്ങള്‍ ബോര്‍ഡിനെതിരെ സമരം ആരംഭിച്ചത്. എന്തായാലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവില്ലെന്നും ഷാക്കിബിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു കഴിഞ്ഞു.