അറിയുമോ ക്രിക്കറ്റിലെ പുതിയ 'പവര്‍ സര്‍ജ്' നിയമം?
ക്രിക്കറ്റിന്റെ പ്രചാരണം കൂട്ടണം. കൂടുതല്‍ ആവേശഭരിതമാക്കണം; രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുതുവഴികള്‍ നിതാന്തം അന്വേഷിക്കുകയാണ്. എന്നാല്‍ ഇതിനിടെ ഓസ്‌ട്രേലിയയിലെ പ്രമുഖ ട്വന്റി-20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗ് (ബിബിഎല്‍) ക്രിക്കറ്റിന്റെ മുഖം മാറ്റാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. പുതിയ സീസണില്‍ മൂന്നു പുതിയ നിയമങ്ങളാണ് ബിബിഎല്‍ കൊണ്ടുവന്നത്.

ഇതില്‍ ആദ്യത്തെ 'പവര്‍ സര്‍ജ്' ചട്ടത്തിന് ക്രിക്കറ്റ് ലോകം വ്യാഴാഴ്ച്ച സാക്ഷിയായി. ഹോബാര്‍ട്ട് ഹറിക്കേന്‍സും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലെ ഉദ്ഘാടന മത്സരത്തിലാണ് പവര്‍ സര്‍ജ് ചട്ടം ആദ്യമായി പ്രാബല്യത്തില്‍ വന്നത്. പരമ്പരാഗത ആറോവര്‍ പവര്‍പ്ലേ നിയമത്തിന്റെ പരിഷ്‌കൃത പതിപ്പാണ് പവര്‍ സര്‍ജ്.ബിബിഎല്‍ പത്താം എഡിഷനില്‍ പവര്‍പ്ലേയില്ല; പകരം പവര്‍ സര്‍ജ് മത്സരങ്ങളുടെ ആവേശം കൂട്ടും.

ഇന്നിങ്‌സിന്റെ തുടക്കത്തിലെ ആദ്യ നാലോവറുകള്‍ പവര്‍ സര്‍ജിന്റെ ഭാഗമാണ്. മിച്ചമുള്ള രണ്ടോവറുകള്‍ എപ്പോള്‍ വേണമെന്ന് 11 ആം ഓവര്‍ പൂര്‍ത്തിയായതിന് ശേഷം ബാറ്റിങ് ടീമിന് നിശ്ചയിക്കാം. സീസണിലെ ആദ്യ മത്സരത്തില്‍ ബാറ്റു ചെയ്യാനെത്തിയ ഹറിക്കേന്‍സ് 14 -മത്തെ ഓവറിന് ശേഷമാണ് പവര്‍ സര്‍ജ് ആനുകൂല്യം വിനിയോഗിച്ചത്. രണ്ടോവറില്‍ നിന്ന് 25 റണ്‍സും ടീം നേടി.

തുടര്‍ന്ന് 179 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിഡ്‌നി സിക്‌സേഴ്‌സാകട്ടെ, 11 ആം ഓവറിന് പിന്നാലെ പവര്‍ സര്‍ജ് തിരഞ്ഞെടുത്തു. എന്നാല്‍ ഡാനിയേല്‍ ഹ്യൂസിന്റെ നേതൃത്വത്തില്‍ കളിച്ച സിക്‌സേഴ്‌സിന് 18 റണ്‍സ് മാത്രമേ അവസാന പവര്‍ സര്‍ജ് ഓവറുകളില്‍ കുറിക്കാനായുള്ളൂ. മത്സരം 16 റണ്‍സിന് സിഡ്‌നി സിക്‌സേഴ്‌സ് തോല്‍ക്കുകയും ചെയ്തു.

ബാറ്റ്‌സ്മാന്മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കാന്‍ പവര്‍ സര്‍ജിന് കഴിയുമെന്നാണ് ബിഗ് ബാഷ് ലീഗിന്റെ പക്ഷം. ബിഗ് ബാഷ് ക്രിക്കറ്റ് കണ്‍സള്‍ട്ടന്റായ ട്രെന്‍ഡ് വുഡ്ഹില്ലാണ് പവര്‍ സര്‍ജ് ആശയത്തിന്റെ സൃഷ്ടാവും. ടൂര്‍ണമെന്റിലേക്ക് കാഴ്ച്ചക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പവര്‍ സര്‍ജിന് കഴിയുമെന്ന് വുഡ്ഹില്‍ പറയുന്നു. വൈകിയുള്ള ഫീല്‍ഡ് നിയന്ത്രണങ്ങള്‍ ഇരു ടീമുകളെയും മൈതാനത്ത് തുണയ്ക്കും. നിര്‍ണായക സമയത്ത് ധൈര്യമായി വമ്പനടികള്‍ക്ക് മുതിരാമെന്നതുതന്നെ ബാറ്റിങ് ടീമിന്റെ പ്രധാന ആനുകൂല്യം. മറുഭാഗത്ത് വമ്പനടികള്‍ക്ക് തയ്യാറെടുത്ത് നില്‍ക്കുന്ന ബാറ്റ്‌സ്മാനെ പ്രലോഭിപ്പിച്ച് വിക്കറ്റെടുക്കാനുള്ള അവസരം ബൗളര്‍മാര്‍ക്കും കൈവരുന്നു, വുഡ്ഹില്‍ ചൂണ്ടിക്കാട്ടി.

പവര്‍പ്ലേ ഓവറുകള്‍ക്ക് സമാനമായി പവര്‍ സര്‍ജ് ഓവറുകളിലും രണ്ടു ഫീല്‍ഡര്‍ മാത്രമേ സര്‍ക്കിളിന് വെളിയിലുണ്ടാവുകയുള്ളൂ. നിലവിലെ രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ ആദ്യ ആറോവറുകള്‍ നിര്‍ബന്ധിത പവര്‍പ്ലേയാണ്. ബിബിഎല്ലിലേക്ക് വരുമ്പോള്‍ ആദ്യ നാലോവറുകള്‍ നിര്‍ബന്ധിത പവര്‍ സര്‍ജായി മാറുന്നു. ശേഷം ഫീല്‍ഡ് നിയന്ത്രണമുള്ള അവസാന രണ്ടോവറുകള്‍ എപ്പോള്‍ വേണമെന്നു 11 ആം ഓവറിന് ശേഷം ബാറ്റിങ് ടീമിന് നിശ്ചയിക്കാം.
Image Source: Twitter / BBL
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications