കറാച്ചി: കൈ മടക്കി എറിയുന്നതിന് ഐ സി സി വിലക്കിയ സയീദ് അജ്മല്‍ പാകിസ്താന്റെ ലോകകപ്പ് ടീമില്‍. 2015 ലോകകപ്പിനുളള സാധ്യതാ പട്ടികയിലാണ് അജ്മലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 പേരുടെ ടീമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ കൂട്ടത്തിലാണ് അജ്മലിന് സ്ഥാനം. കഴിഞ്ഞ സെപ്തംബറിലാണ് സംശയാസ്പദമായ ആക്ഷന്റെ പേരില്‍ അജ്മലിനെ ഐ സി സി വിലക്കിയത്.
ഇംഗ്ലണ്ടില്‍ അജ്മലിന്റെ ആക്ഷന്‍ പരിശോധിക്കാനായി പ്രത്യേകം ബയോമെക്കാനിക്‌സ് ടെസ്റ്റ് നടക്കുന്നുണ്ട്. ആക്ഷന്‍ ശരിയാക്കി ടീമില്‍ തിരിച്ചെത്തും അജ്മല്‍ എന്നാണ് പാക് ക്രിക്കറ്റ് അധികൃതരുടെ പ്രതീക്ഷ. വീണ്ടും കളിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ അജ്മല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അജ്മലിന്റെ പ്രത്യേക കോച്ചും മുന്‍ സ്പിന്നറുമായ സഖ്‌ലൈന്‍ മുഷ്താഖും അജ്മലിനൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്.

ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അജ്മലിനെ ടീമില്‍ നിന്നും ഒഴിവാക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗം വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിലാണ് സയീദ് അജ്മലിന്റെ ബൗളിംഗ് ആക്ഷന്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആഗസ്തിലായിരുന്നു ഇത്. സംശയം ആവര്‍ത്തിച്ചതോടെ സെപ്തംബര്‍ 9 ന് അജ്മലിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പന്തെറിയുന്നതില്‍ നിന്നും ഐ സി സി വിലക്കി.
വെറ്ററന്‍ താരം യൂനിസ് ഖാന്‍ സാധ്യതാ പട്ടികയിലുണ്ട്. സീനിയര്‍ താരങ്ങളായ ഷോയിബ് മാലിക്, കമ്രാന്‍ അക്മല്‍ എന്നിവരും ടീമിലുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ യൂനിസ് ഖാന്‍ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് ടെസ്റ്റുകളിലായി അടുപ്പിച്ച് നാല് സെഞ്ചുറിയോടെ യൂനിസ് ഫോമില്‍ തിരിച്ചെത്തിയിരുന്നു. 2013 മാര്‍ച്ചിന് ശേഷം യൂനിസ് ഒരേയൊരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ.