ഏഷ്യാകപ്പ്; അവസാന പന്തുവരെ ആവേശം; ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ബംഗ്ലാദേശിന് കിരീടം
ക്വാലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ചാമ്പ്യന്മാരായി. ഇന്ത്യയെ 3 വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാ വനിതകള്‍ കിരീടം നേടിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 112 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവസാന പന്തില്‍ രണ്ടു റണ്‍സെടുക്കേണ്ടിയിരുന്ന ബംഗ്ലാദേശിനുവേണ്ടി ജഹനാര വിജയറണ്‍ നേടി.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബംഗ്ലാദേശിനുവേണ്ടി ഖദീജ കുബ്രയും റുമാന അഹമ്മദും രണ്ടുവീതം വിക്കറ്റു വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 42 പന്തുകള്‍ നേരിട്ട കൗര്‍ 56 റണ്‍സെടുത്തപ്പോള്‍ മറ്റു ബാറ്റസ്മാന്മാര്‍ക്ക് തിളങ്ങാനായില്ല.

ഇന്ത്യയുടെ ബാറ്റിങ്
തുടര്‍ച്ചയായ ഏഴാം കിരീടവിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലില്‍ കളിക്കാനിറങ്ങിയത്. നേരത്തെ പ്രാഥമിക മത്സരങ്ങളില്‍ ബംഗ്ലാദേശിനെതിരെ തോറ്റിരുന്നെങ്കിലും തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്‌വെച്ചത്. എന്നാല്‍, ഫൈനലില്‍ ഹര്‍മന്‍പ്രീത് ഒഴികെ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്ന്മാര്‍ എല്ലാം ബാറ്റിങ് മറന്ന് കൂടാരം കയറിയതോടെ 112 റണ്‍സില്‍ ഒതുക്കപ്പെട്ടു.

ബംഗ്ലാദേശ് ബൗളിങ്
ഏഷ്യയിലെ വമ്പന്മാരായ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് നിലവാരമുള്ള ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഖദീജ കുബ്രയും റുമാന അഹമ്മദും രണ്ടുവീതം വിക്കറ്റു വീഴ്ത്തിയപ്പോള്‍ മറ്റു ബൗളര്‍മാരും റണ്‍വഴങ്ങാതെ ഇന്ത്യയെ നിയന്ത്രിച്ചു. മികച്ചുനിന്ന ഫീല്‍ഡിങ്ങും ബംഗ്ലാദേശ് പുറത്തെടുത്തതോടെ ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ തളയ്ക്കപ്പെടുകയായിരുന്നു.

ബംഗ്ലാദേശ് ബാറ്റിങ്
ഏഷ്യാകപ്പില്‍ കന്നിക്കിരീടം ലക്ഷ്യമാക്കിയിറങ്ങിയ ബംഗ്ലാദേശ് പ്രാഥമിക റൗണ്ടിലെ വിജയം ആവര്‍ത്തിക്കാന്‍തന്നെയാണ് ബാറ്റുവീശിയത്. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് കുറവായതുകൊണ്ടുതന്നെ വിക്കറ്റ് പോകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വം ബാറ്റുവീശിയ അവര്‍ വിജയതീരത്തെത്തുകതന്നെ ചെയ്തു. നിഗര്‍ സുല്‍ത്താന 27 റണ്‍സെടുത്തു. റുമാന 23 റണ്‍സെടുത്ത് വിജയശില്‍പിയായി.

ഇന്ത്യയുടെ ബൗളിങ്
ഏഴാം ഏഷ്യാകപ്പ് കിരീടത്തിനായി ഇറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മോശം പ്രകടനം നടത്തിയതോടെ 112 എന്ന സ്‌കോര്‍ പ്രതിരോധിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കായി. എന്നാല്‍, പൂനം യാദവിനൊഴികെ മറ്റു താരങ്ങള്‍ക്ക് തിളങ്ങാനായില്ല. പൂനം നാലുവിക്കറ്റെടുത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകിയെങ്കിലും കുറഞ്ഞസ്‌കോറില്‍ ബംഗ്ലാദേശിനെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. നിലവാരം കുറഞ്ഞ ഫീല്‍ഡിങ്ങും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications