ചിറ്റഗോംഗ്: കളിയുടെ ഭൂരിഭാഗവും മഴ കൊണ്ടുപോയ ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. മഴമൂലം അവസാന രണ്ട് ദിവസവും ഒരു പന്ത് പോലും എറിയാനായില്ല. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റ് സമനില പിടിക്കാനായതില്‍ ബംഗ്ലാദേശിന് അഭിമാനിക്കാം. നേരത്തെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റും ബംഗ്ലാദേശും മഴയും ചേര്‍ന്ന് സമനിലയിലാക്കിയിരുന്നു.
മഴ ഒരുതരത്തില്‍ പറഞ്ഞാല്‍ ദക്ഷിണാഫ്രിക്കയെ ആണ് രക്ഷിച്ചത്. ഒന്നാമിന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക വെറും 248 റണ്‍സിന് ഓളൗട്ടായിപ്പോയിരുന്നു. മറുപടിയായി 326 റണ്‍സ് വരെയെത്തി ബംഗ്ലാദേശ്. 78 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്ക രണ്ടാം തവണയും പാഡ് കെട്ടിയിട്ടും മഴ വരുന്നത് വരെ 61 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്സ് സ്കോറിനെക്കാള്‍ അപ്പോഴും 17 റണ്‍സ് കുറവ്.
ഒന്നാമിന്നിംഗ്സില്‍ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബംഗ്ലാദേശിന് സാധിച്ചു. രണ്ടാമിന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക താളംപിടിച്ച് വരുമ്പോഴേക്കും കനത്ത മഴയും എത്തി. തമീം ഇഖ്ബാല്‍, മഹമ്മദുള്ള, ലിട്ടന്‍ ദാസ് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ ഹൈലൈറ്റ്.
എന്നാല്‍ ഒന്നാം ടെസ്റ്റില്‍ ആതിഥേയരുടെ ശരിക്കുള്ള ഹീറോ അരങ്ങേറ്റക്കാരനായ മുസ്താഫിസുര്‍ റഹ്മാനാണ്. നാല് പന്തിനിടെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ റഹ്മാന് ഒന്നാമിന്നിംഗ്സില്‍ ആകെ 4 വിക്കറ്റെടുത്തു. മുസ്താഫിസുര്‍ റഹ്മാന് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യയ്ക്കെതിരായ ഏകദിന അരങ്ങേറ്റത്തിലും റഹ്മാന് മാന്‍ ഓഫ് ദ മാച്ചായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദ മാച്ച് എന്ന അപൂര്‍വ്വ ബഹുമതിയാണ് റഹ്മാന് സ്വന്തമാക്കിയിരിക്കുന്നത്.