മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തല വെട്ടിയെടുത്ത് നില്ക്കുന്ന ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ടസ്കിന് അഹമ്മദിന്റെ ചിത്രം വൈറലാകുന്നു. ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റമുട്ടുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ഫോട്ടോഷോപ്പ് ചെയ്ത ഈ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് ഏഷ്യാകപ്പ് ഫൈനല്‍.
ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന്; ഇന്ത്യയും ബംഗ്ലാദേശും തയ്യാര്‍, കളി വൈകിട്ട് 7 മണിക്ക്!
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ആവേശം കൊണ്ട് ഒരു ബംഗ്ലാദേശി ആരാധകനാണ് ഈ ചിത്രം ഉണ്ടാക്കി അപ്ലോഡ് ചെയ്തത് എന്നാണ് അറിയുന്നത്. ബുധനാഴ്ച നടന്ന കളിയില്‍ ചിരവൈരികളായ പാകിസ്താനെ തോല്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ യോഗ്യത നേടിയത്. ബംഗ്ലാദേശിനോട് തോറ്റ പാകിസ്താന് ഏഷ്യാകപ്പില്‍ നിന്നും പുറത്തായിരുന്നു.
താന്‍ പത്രം വായിക്കാറില്ല എന്നായിരുന്നു ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറഞ്ഞത്. നിങ്ങള്‍ പത്രം വായിക്കൂ. എന്നിട്ട് അതിലെ ശരിതെറ്റുകള്‍ തീരുമാനിക്കൂ. ഞങ്ങളുടെ പണി ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഒരു വിവാദത്തിന് ഇടകൊടുക്കാതെ രവി ശാസ്ത്രി പറഞ്ഞൊഴിഞ്ഞു. ധോണിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
ഇതാദ്യമായിട്ടല്ല ബംഗ്ലാദേശില്‍ നിന്നും ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇത്തരത്തില്‍ അപമാനം ഉണ്ടാകുന്നത്. 2015 ല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ മുസ്താഫിസുര്‍ റഹ്മാന് കട്ടറുകള്‍ എറിഞ്ഞ് പുറത്താക്കിയതിന് പിന്നാലെ പാതി തല മൊട്ടയടിച്ച ഇന്ത്യന്‍ താരങ്ങളുടെ ചിത്രം ഒരു ബംഗ്ലാദേശി പത്രം അച്ചടിച്ചിരുന്നു.