സിഡ്നി: ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തില്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരാധകരില്‍ നിന്നും തനിക്ക് മികച്ച പിന്തുണ ലഭിക്കുന്നതില്‍ വിനീതനാണെന്നാണ് സ്മിത്ത് വ്യക്തമാക്കിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിനിടെ പന്ത് ചുരണ്ടുന്നത് ടിവി ക്യാമറയില്‍ കുടുങ്ങിയതോടെയാണ് ഓസ്ട്രേലിയന്‍ ടീം നാണംകെട്ടത്.
ബുദ്ധിമുട്ടേറിയ സമയത്ത് തനിക്കൊപ്പം നിന്ന കുടുംബത്തിന് 28-കാരനായ താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ നന്ദി അറിയിച്ചു. 'ഓസ്ട്രേലിയയിലെ വീട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ്. കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ മാറിനില്‍ക്കുകയായിരുന്നു. ഇനി കാര്യങ്ങള്‍ തിരിച്ചുപിടിക്കണം. ഇമെയിലിലും, കത്തിലൂടെയും ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണ അതിശയിപ്പിക്കുന്നതാണ്. നിങ്ങള്‍ തന്ന പിന്തുണയ്ക്ക് നന്ദി', സ്മിത്ത് കുറിച്ചു.
കേപ്ടൗണ്‍ ടെസ്റ്റിലെ നാണക്കേടില്‍ നിന്നും രക്ഷപ്പെടാനും വിശ്വാസ്യത തിരിച്ചുപിടിക്കാനും ഇനിയും ഏറെ പോകേണ്ടതുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി. കുടുംബമാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി, ഈ സ്നേഹത്തിനും പിന്തുണയ്ക്കും പ്രത്യേക നന്ദിയും ഈ വലംകൈയ്യന്‍ ബാറ്റ്സ്മാന് രേഖപ്പെടുത്തി. സ്റ്റീവ് സ്മിത്തിന് പുറമെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കും വിലക്ക് ലഭിച്ചിരുന്നു.
പന്ത് ചുരണ്ടല്‍ പരിപാടിയുടെ സൂത്രധാരനായി വിധിക്കപ്പെട്ട വാര്‍ണര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കാണ് നല്‍കിയിരിക്കുന്നത്. ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസവും വിലക്ക് ഏര്‍പ്പെടുത്തി.