ദുബായ്: ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകൾ തോറ്റ് നാണംകെട്ട പാകിസ്താൻ ആശ്വാസമായി ഒന്നാം ഏകദിനം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ 83 റൺസിന്റെ പടുകൂറ്റൻ വിജയമാണ് പാകിസ്താൻ നേടിയത്. സെഞ്ചുറിയുമായി ബാബർ അസം, അർധസെഞ്ചുറിയുമായി ഷോയിബ് മാലിക്ക് എന്നിവർ പാക് വിജയത്തിന് ചുക്കാൻ പിടിച്ചു. സ്കോർ പാകിസ്താൻ 50 ഓവറിൽ ആറ് വിക്കറ്റിന് 292. ശ്രീലങ്ക 50 ഓവറിൽ 8 വിക്കറ്റിന് 209.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ശ്രീലങ്ക സ്റ്റാർ ബാറ്റ്സ്മാൻ അഹമ്മദ് ഷെഹ്സാദിനെ പൂജ്യത്തിന് പുറത്താക്കി പാകിസ്താനെ ഞെട്ടിച്ചു. എന്നാൽ അവിടന്ന് അങ്ങോട്ട് പാകിസ്താൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഫഖാർ സമാനും ബാബർ അസമും ചേർന്ന് മനോഹരമായ അർധസെഞ്ചുറി കൂട്ടുകെട്ട്. അസം 131 പന്തിൽ 103 റൺസെടുത്ത് ടോപ് സ്കോററായി. ഷോയിബ് മാലിക്ക് വെറും 61 പന്തിൽ 81 റൺസടിച്ചു. മുഹമ്മദ് ഹഫീസ് 32ഉം ഫഖാർ സമാൻ 43ഉം റൺസടിച്ചു.

ലഹിരു തിരിമാനെയുടെ അർധസെഞ്ചുറി മാത്രമായിരുന്നു ശ്രീലങ്കയുടെ റൺ ചേസിൽ എടുത്തുപറയാനുണ്ടായിരുന്നത്. 74 പന്തിൽ 53 റൺസടിച്ചാണ് തിരിമാനെ ലങ്കയുടെ ടോപ് സ്കോററായത്. എട്ടാമനായി ക്രീസിലെത്തിയ അകില ധനജ്ഞയയുടെ അർധസെഞ്ചുറിയാണ് ലങ്കയെ നാണക്കേടിൽ നിന്നും കരകയറ്റിയത്. റമ്മൻ റയീസും ഹസന്‍ അലിയും പാകിസ്താന് വേണ്ടി 3 വിക്കറ്റ് വീതം വീഴ്ത്തി. ഷോയിബ് മാലിക്കാണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം ഏകദിനം 16 ന് നടക്കും.