കൊളംബോയിൽ ഇന്ത്യയോടേറ്റ 61 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വൻ പ്രത്യാഘാതങ്ങൾ. സൂപ്പർ താരങ്ങളായ ബാബർ അസം, ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ എന്നിവരുടെ ടി20 കരിയർ തന്നെ അപകടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി 18-ന് നമീബിയക്കെതിരെ നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ ഇവരെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും. ഇവരുടെ മോശം പ്രകടനം ആരാധർക്കിടയിലും വലിയ ചർച്ചാ വിഷയങ്ങൾ ആയിട്ടുണ്ട്.
ഇന്ത്യക്കെതിരായ മോശം പ്രകടനം:
ഇന്ത്യക്കെതിരായ നിർണ്ണായക മത്സരത്തിൽ ബാബർ അസം വെറും 5 റൺസെടുത്ത് പുറത്തായപ്പോൾ, ഷഹീൻ അഫ്രീദി 2 ഓവറിൽ 31 റൺസ് വഴങ്ങി നിരാശപ്പെടുത്തി. ഷദാബ് ഖാനാകട്ടെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ടു. ജിയോ ന്യൂസ് റിപ്പോർട്ട് പ്രകാരം, നമീബിയക്കെതിരായ മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ബാബറുടെ ദയനീയ റെക്കോർഡ്:
ഇന്ത്യക്കെതിരായ അവസാന അഞ്ച് ടി20 മത്സരങ്ങളിൽ ഒരിക്കൽ പോലും 14 റൺസ് മറികടക്കാൻ ബാബർ അസമിന് സാധിച്ചിട്ടില്ല. ടീമിന്റെ നട്ടെല്ലാവുമെന്ന് കരുതിയ താരം തുടർച്ചയായി പരാജയപ്പെടുന്നത് ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണ്.
ഇർഫാൻ പഠാന്റെ വിമർശനം:
വിരാട് കോഹ്‌ലിയുമായി ബാബറെ താരതമ്യം ചെയ്യുന്നതിനെ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രൂക്ഷമായി വിമർശിച്ചു. "ദയവായി വിരാട് കോഹ്‌ലിയുമായി ബാബറെ താരതമ്യം ചെയ്യരുത്. വിരാട് മറ്റൊരു ലീഗിലുള്ള കളിക്കാരനാണ്. 2022 ലോകകപ്പിലെ കോഹ്‌ലിയുടെ ഇന്നിംഗ്‌സ് ഒന്ന് നോക്കൂ. അത്തരത്തിൽ സമ്മർദ്ദഘട്ടത്തിൽ ടീമിനെ ജയിപ്പിച്ച ഒരു ഇന്നിംഗ്‌സ് ബാബറുടെ കരിയറിലുണ്ടോ?" പഠാൻ ചോദിച്ചു.
സൂപ്പർ 8 ഉറപ്പിച്ച് ഇന്ത്യ:
വിവാദങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മൈതാനത്ത് പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി. 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് കൂടാരം കയറി. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസിനും പിന്നാലെയാണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇനി പാകിസ്ഥാന് സൂപ്പർ എട്ട് ഉറപ്പിക്കണമെങ്കിൽ നമീബിയയ്ക്കെതിരെ വിജയം നേടണം. നെതർലാൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പതിനെട്ടാം തിയതി നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നേ ഇന്ത്യ സൂപ്പർ 8 ഉറപ്പാക്കിയതിനാൽ, ബെഞ്ചിൽ ഇരിക്കുന്ന പല താരങ്ങൾക്കും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ, മലയാളി താരം സഞ്ജു സാംസണ് വീണ്ടുമൊരു ലോകകപ്പ് അവസരം കൂടി ലഭിക്കും. നമീബിയയ്ക്കെതിരെ പാകിസ്ഥാൻ പരാജയപ്പെടുകയാണെങ്കിൽ, യുഎസ്എയ്ക്ക് സൂപ്പർ എട്ടിലേക്കുള്ള സാധ്യതകൾ വർധിക്കും. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് നമീബിയ - പാകിസ്ഥാൻ മത്സരം. വൈകീട്ട് ഏഴിന് ഇന്ത്യ - നെതർലാൻഡ്സ് മത്സരവും അരങ്ങേറും.