കറാച്ചി: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ആരെയും മോഹിപ്പിക്കുന്നതാണ്. ഓസ്ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. വിരാട് കോലി എന്ന നായകനൊപ്പം രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളും കൂടി ചേരുമ്പോള്‍ ഏത് ശക്തരായ ബൗളിങ് നിരയും ഒന്ന് വിറക്കും.
ഒരു കാലഘട്ടത്തില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ് തുടങ്ങിയവര്‍ കരുത്ത് പകര്‍ന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം തലമുറ മാറ്റത്തിന് ശേഷവും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ പാകിസ്താന് താരം അസര്‍ അലി ടെസ്റ്റില്‍ ഒരുമിച്ച് കളിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അസര്‍ അലിയുടെ തുറന്ന് പറച്ചില്.
അത് വിരാട് കോലിയോ രോഹിത് ശര്‍മയോ ഒന്നും അല്ല മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായിരുന്ന വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡുമാണ്. ഇരുവര്‍ക്കും മികച്ച റെക്കോഡാണ് ടെസ്റ്റിലുള്ളത്. 'വളരെ വളരെ സവിശേഷരായ ലക്ഷ്മണും ദ്രാവിഡുമെന്നാണ് അസര്‍ ആരാധകന് മറുപടി നല്‍കിയത്. മുന്‍ ഇന്ത്യന്‍ നായകനായിരുന്ന ദ്രാവിഡ് മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയിരുന്നത്. 164 ടെസ്റ്റില്‍ നിന്ന് 52.31 ശരാശരിയില്‍ 13288 റണ്‍സ് ദ്രാവിഡിന്റെ പേരിലുണ്ട്. അതില്‍ 36സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
വിവിഎസ് ലക്ഷ്മണും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായിരുന്നു. അഞ്ചാം നമ്പറില്‍ ഇറങ്ങിയിരുന്ന അദ്ദേഹം 134 ടെസ്റ്റില്‍ നിന്ന് 45.5 ശരാശരിയില്‍ 8781 റണ്‍സാണ് നേടിയത്. 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ലക്ഷ്മണിന്റെ ടെസ്റ്റ് കരിയറില്‍ ഉള്‍പ്പെടും.നിലവില്‍ ദ്രാവിഡിന്റെ മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര പകരക്കാരനാവുമ്പോള്‍ ലക്ഷ്മണിന്റെ പകരക്കാരനായി അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയാണ്.
പാകിസ്താന് ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു അസറെങ്കിലും മികച്ച പ്രകടനം നടത്താതെ വന്നതോടെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു. 2021ല്‍ എട്ട് ടെസ്റ്റില്‍ നിന്ന് 58.14 ശരാശരിയില്‍ 407 റണ്‍സെന്ന മികച്ച സ്കോര്‍ നേടാന്‍ അസറിന് സാധിച്ചു. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവില്‍ പാകിസ്താന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹത്തിന് ശേഷം. 2018ലാണ് അവസാനമായി പരിമിത ഓവര്‍ മത്സരം കളിച്ചത്.