അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തോടെ വമ്പന്‍ നേട്ടത്തിന് അവകാശിയായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍. ആറു വിക്കറ്റുകള്‍ താരം കടപുഴക്കിയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു ഇത്.
ആറു വിക്കറ്റ് നേട്ടത്തോടെ വമ്പന്‍ റെക്കോര്‍ഡിനും അക്ഷര്‍ അവകാശിയായിരിക്കുകയാണ്. കരിയറിലെ ആദ്യത്തെ മൂന്ന് ഇന്നിങ്സുകളില്‍ നിന്നും കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. നിലവിലെ ടീമംഗം കൂടിയായ ആര് അശ്വിനെയടക്കം പിന്തള്ളിയാണ് അക്ഷറിന്റെ കുതിപ്പ്. മൂന്ന് ഇന്നിങ്സുകളില്‍ നിന്നായി താരം വീഴ്ത്തിയത് 13 വിക്കറ്റുകളാണ്. ചെന്നൈയിലെ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ രണ്ടും രണ്ടാമിന്നിങ്സില്‍ അഞ്ചും വിക്കറ്റുകള്‍ അക്ഷറിന് ലഭിച്ചിരുന്നു.
ആദ്യ മൂന്നു ഇന്നിങ്സുകളില്‍ നിന്നും 18 വിക്കറ്റുകളുമായി നരേന്ദ്ര ഹിര്‍വാനിയാണ് അക്ഷറിന് മുന്നിലായി എലൈറ്റ് ക്ലബ്ബില്‍ തലപ്പത്ത് നില്‍ക്കുന്നത്. എല്‍ ശിവരാമകൃഷ്ണന് (12 വിക്കറ്റ്), അശ്വിന് (11), വെങ്കിടേഷ് പ്രസാദ് (11) എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്ക്കുന്നു.
2000ത്തിനു ശേഷം ടെസ്റ്റില്‍ ആദ്യത്തെ മൂന്ന് ഇന്നിങ്സുകളില്‍ നിന്നും രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് അക്ഷര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ഫിഡല്‍ എഡ്വാര്‍ഡ്സ്, ഓസ്ട്രേലിയുടെ ജെയിംസ് പാറ്റിന്സണ്, ബംഗ്ലാദേശിന്റെ മെഹ്ദി ഹസന് മിറാസ്, ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ജോണ്സന് എന്നിവരാണ് ലോക ക്രിക്കറ്റില്‍ നേരത്തേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളത്.
പിങ്ക് ബോള്‍ ടെസ്റ്റിലെ ഒരിന്നിന്നിങ്സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് അക്ഷര്‍ തന്റെ പേരിലാക്കിയത്. 38 റണ്‍സ് വഴങ്ങിയാണ് ഇന്ന് അദ്ദേഹം ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ (22 റണ്‍സിന് അഞ്ചു വിക്കറ്റ്), ഉമേഷ് യാദവ് (53 റണ്‍സിന് അഞ്ചു വിക്കറ്റ്) എന്നിവരെയാണ് അക്ഷര്‍ പിന്നിലാക്കികയത്.