അഹമ്മദാബാദ്: കരിയറിലെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ വലിയ നേട്ടങ്ങളാണ് ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ തന്റെ പേരില്‍ കുറിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ പുരോഗമിക്കുന്ന നാലാംടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളി, ഡൊമിനിക്ക് സിബ്ലി എന്നിവരെ പുറത്താക്കിയതോടെ അക്ഷര്‍ ഒരു അപൂര്‍വ്വനേട്ടം സ്വന്തമാക്കി. 2002നു ശേഷം ടെസ്റ്റില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ എതിര് ടീമിലെ രണ്ടു ഓപ്പണര്‍മാരെയും പുറത്താക്കിയ ആദ്യ സ്പിന്നറായി മാറിയിരിക്കുകയാണ് അദ്ദേഹം.
ക്രോളിക്ക് ഒമ്പതും സിബ്ലിക്കു രണ്ടും റണ്‍സാണ് നേടാനായത്. ആദ്യ ഓവറില്‍ തന്നെ സിബ്ലിയെ അക്ഷര്‍ പുറത്താക്കിയിരുന്നു. എട്ടു ബോളില്‍ രണ്ടു റണ്‍സെടുത്ത താരത്തെ അക്ഷര്‍ ബൗള്‍ഡാക്കുകയായിരുന്നു. ബോള്‍ ടേണ്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ച് നിന്ന് സിബ്ലി ഒടുവില്‍ പ്രതിരോധിച്ചപ്പോള്‍ ബാറ്റിന് അരികില്‍ തട്ടിയ ബോള്‍ ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു.
തന്റെ രണ്ടാമത്തെ ഓവറില്‍ മറ്റൊരു ഓപ്പണറായ ക്രോളിയെയും അക്ഷര്‍ മടക്കി. ആക്രമിച്ചുകളിച്ച് ഇന്ത്യന്‍ സ്പിന്നറെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ക്രോളിയുടെ നീക്കം പാളുകയായിരുന്നു. ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറി നേടിയിട്ടും അതുകൊണ്ടു തൃപ്തിയാവാതെ അഞ്ചാമത്തെ ബോളില്‍ മറ്റൊരു അറ്റാക്കിങ് ഷോട്ടിനു താരം മുതിരുകയായിരുന്നു. എന്നാല്‍ ക്രോളിയുടെ ടൈമിങ് പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് സിംപിള്‍ ക്യാച്ച് നല്കി ക്രോളി ക്രീസ് വിടുകയായിരുന്നു.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ അക്ഷര്‍ വെറും മൂന്നു ടെസ്റ്റുകളിലൂടെ തന്റെ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ചെന്നൈയിലെ രണ്ടാം ടെസ്റ്റിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ രണ്ടും രണ്ടാമിന്നിങ്സില്‍ അഞ്ചും വിക്കറ്റുകളുമായി അക്ഷര്‍ അരങ്ങേറ്റം ഗംഭീരമാക്കി. പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്ഷറിന്റെ പ്രകടനം വേറെ ലെവലായിരുന്നു. 11 വിക്കറ്റുകളാണ് രണ്ടിന്നിങ്സുകളിലായി താരം പിഴുതത്. ആദ്യ ഇന്നിങ്സില്‍ ആറും രണ്ടാമിന്നിങ്സില്‍ അഞ്ചും വിക്കറ്റുകള്‍ അക്ഷര്‍ സ്വന്തമാക്കി. ഇതോടെ ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നാമിന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടത്തിന് സ്പിന്നര്‍ അവകാശിയാവുകയും ചെയ്തു.
നാലാം ടെസ്റ്റില്‍ ഇതിനകം രണ്ടു വിക്കറ്റെടുത്ത അക്ഷറിന് ഇനി മൂന്നു വിക്കറ്റ് കൂടി വീഴ്ത്താനായാല്‍ ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി നാല് ഇന്നിങ്സുകളില്‍ അഞ്ചു വിക്കറ്റെടുത്ത ഏക ബൗളറെന്ന മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്ഭജന് സിങിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിയും.