ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയുടെ ഒന്നാംസ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തി ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ സ്മിത്ത് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹത്തിനു തുണയായത്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലും സെഞ്ച്വറി നേടിയ സ്മിത്ത് രണ്ടാം ടെസ്റ്റില്‍ 92 റണ്‍സും ഒന്നാമിന്നിങ്സില്‍ നേടിയിരുന്നു. ഈ പ്രകടനമാണ് അദ്ദേഹത്തിന്റെ കുതിപ്പിനു കാരണം.
922 പോയിന്റോടെ കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തിയെങ്കിലും ഈ റാങ്ക് അത്ര ഭദ്രമല്ല. കോലിയേക്കാള്‍ ഒമ്പത് പോയിന്റ് മാത്രം പിന്നിലായി സ്മിത്ത് തൊട്ടരികില്‍ തന്നെയുണ്ട്. ആഷസിലെ ഇനിയുള്ള ടെസ്റ്റുകളിലും സ്മിത്ത് ഫോം ആവര്‍ത്തിച്ചാല്‍ കോലിക്കു തലപ്പത്തു നിന്നും താഴെയിറങ്ങേണ്ടിവരും.
ചാനല്‍ ഷോ വിവാദം: പാണ്ഡ്യയുമായുള്ള സൗഹൃദത്തെ ബാധിച്ചോ? തുറന്നു പറഞ്ഞ് രാഹുല്‍
ആഷസിലെ രണ്ടാം ടെസ്റ്റില്‍ 92 റണ്‍സെടുത്തതോടെ പരമ്പരയില്‍ 378 റണ്‍സ് സ്മിത്ത് നേടിക്കഴിഞ്ഞു. 126 എന്ന ഞെട്ടിക്കുന്ന ശരാശരിയിലാണ് താരം മൂന്ന് ഇന്നിങ്സുകളില്‍ നിന്നും ഇത്രയും റണ്‍സെടുത്തത്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിനു രണ്ടാമിന്നിങ്സില്‍ ബാറ്റിങിനിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 56 പോയിന്റ് കൂടി നേടിയാണ് പുതിയ റാങ്കിങില്‍ സ്മിത്ത് 913 പേയിന്റോടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയത്. നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനെ പിന്തള്ളിയാണ് സ്മിത്ത് ഈ റാങ്ക് പിടിച്ചെടുത്തത്.