കൊല്‍ക്കത്ത: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ ക്രിസ് ഗ്രീന് ബൗള്‍ ചെയ്യാന്‍ വിലക്ക്. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍നിന്നുമാണ് താരത്തെ വിലക്കിയത്. ഇത്തവണ കൊല്‍ക്കത്ത ലേലത്തിനെടുത്ത ക്രിസ് ഗ്രീനിന്റേത് തെറ്റായ ബൗളിങ് ആക്ഷനാണെന്ന് ബിഗ്ബാഷ് വിലയിരുത്തുന്നു. ഇതോടെ, താരം കൊല്‍ക്കത്ത ടീമില്‍ കളിക്കുകയാണെങ്കില്‍ നിരീക്ഷണത്തിലായിരിക്കും.
ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയാണ് ഓസീസ് താരത്തിനായി കൊല്‍ക്കത്ത ചെലവഴിച്ചത്. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിന്റെ കളിക്കാരനായ ഗ്രീനിന് മൂന്നുമാസം വിലക്ക് ഏര്‍പ്പെടുത്തിയതോടെ താരത്തിന് ഈ സീസണില്‍ പന്തെറിയാന്‍ കഴിയില്ല. സംശയാസ്പദമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഗ്രീനിനെ ബ്രിസ്‌ബേനില്‍വെച്ച് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമാണ് തീരുമാനം.

ബിഗ്ബാഷില്‍നിന്നും വിലക്ക് ലഭിച്ചെങ്കിലും പ്രീമിയര്‍ ക്രിക്കറ്റില്‍ സിഡ്‌നി ടീമിനുവേണ്ടി പന്തെറിയാന്‍ ഗ്രീനിന് കഴിയും. തണ്ടണ്ടറിന് വേണ്ടി ബാറ്റിങ്ങിനിറങ്ങാനും ഗ്രീനിന് അനുമതിയുണ്ട്. ഓസ്‌ട്രേലിയയിലെ വിലക്ക് താരത്തിന് ഐപിഎല്ലില്‍ കളിക്കുന്നതിന് തടസ്സമാകില്ല. എന്നാല്‍, ഓസ്‌ട്രേലിയയില്‍ വിലക്ക് ലഭിച്ച താരം ബിസിസിഐയുടെ നിരീക്ഷണത്തിലായിരിക്കും. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ താരത്തിന് കഴിഞ്ഞേക്കില്ല.