അഡലെയ്ഡ്: ഇന്ത്യയുമായി സെമിഫൈനല്‍ കളിക്കാന്‍ കൊതിച്ചിറങ്ങിയ പാകിസ്താന് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെച്ച് തന്നെ തിരിച്ചടി കിട്ടി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിസാര സ്‌കോറിന് പുറത്തായി. 49. 5 ഓവറില്‍ 213 റണ്‍സിനാണ് പാക് പട കൂടാരം കയറിയത്. 4 വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡാണ് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ വെളളം കുടിപ്പിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് തുടക്കം മുതല്‍ തിരിച്ചടി കിട്ടി. അഞ്ചാമത്തെ ഓവറില്‍ ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദ് പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 20 റണ്‍സായിരുന്നു. അതേ സ്‌കോറില്‍ സഹ ഓപ്പണര്‍ അഹ്മദ് ഷെഹ്‌സാദിനെയും അവര്‍ക്ക് നഷ്ടപ്പെട്ടു. 41 റണ്‍സെടുത്ത് ഹാരിസ് സൊഹൈലും 34 റണ്‍സോടെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖുമാണ് പാകിസ്താന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പിന്നീട് വന്ന ഉമര്‍ അക്മല്‍, ഷോയിബ് എന്നിവര്‍ക്കെല്ലാം ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഉമര്‍ അക്മല്‍ 20, ഷോയിബ് മക്‌സൂദ് 29, ഷാഹിദ് അഫ്രീദി 23 എന്നിങ്ങനെയാണ് പാക് മധ്യനിരക്കാരുടെ സ്‌കോര്‍. വഹാബ് റിയാസ് 16 ഉം എഹ്‌സാന്‍ ആദില്‍ 15 ഉം റണ്‍സെടുത്തു. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി. 18 വിക്കറ്റുകളോടെ ലോകകപ്പില്‍ ഒന്നാമനാണ് സ്റ്റാര്‍ക്.