മെല്‍ബണ്‍: വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ റയാന്‍ ഹാരിസ് ക്രിക്കറ്റിനോട് വിടചൊല്ലി. മികച്ച ഫാസ്റ്റ് ബൗളറായ ഹാരിസന്റെ അകാലത്തിലുള്ള വിരമിക്കല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് കനത്ത നഷ്ടമാകും. കാല്‍മുട്ടിന് ഏറ്റ പരിക്കാണ് ഹാരിസന് വില്ലനായത്. പല പരമ്പരകളില്‍ നിന്നും തുടര്‍ച്ചയായി വിട്ടു നില്‍ക്കേണ്ടവന്നതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
അടുത്തുവരുന്ന ആഷസ് പരമ്പരയില്‍ ഹാരിസ് കളിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ശാരീരിക ക്ഷമത വീണ്ടെടുക്കാനായില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്ന് 23.52 ശരാശരിയില്‍ 113 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് മുപ്പത്തിയഞ്ചുകാരനായ ഹാരിസ്. 12 ആഷസ് ടെസ്റ്റുകളില്‍ നിന്നും 57 വിക്കറ്റുകളാണ് ഹാരിസ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ടീമിനുവേണ്ടി കളിക്കാനായത് സ്വപ്‌ന തുല്യമായ അംഗീകാരമാണെന്ന് ഹാരിസ് പറഞ്ഞു. പരിക്ക് വിട്ടുമാറില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിരമിക്കാന്‍ തീരുമനമെടുത്തത്. തന്റെ കുടുംബവും ഇക്കാര്യത്തില്‍ തനിക്കൊപ്പമുണ്ട്. ഇതുവരെ തനിക്ക് സപ്പോര്‍ട്ട് നല്‍കിയ ടീം അംഗങ്ങളെ വിരമിക്കല്‍ വിഷമിപ്പിക്കുമെങ്കിലും ഇതാണ് ശരിയായ സമയമെന്ന് ഹാരിസ് പറഞ്ഞു.
ഹാരിസന്റെ വിടവാങ്ങല്‍ ഓസ്‌ട്രേലിയയ്ക്ക് വലിയ നഷ്ടമാണെന്ന് ടീം അംഗങ്ങളും കോച്ച് ഡാരന്‍ ലീമാനും വ്യക്തമാക്കി. ആത്മര്‍ഥതയും സ്ഥിരതയും പുലര്‍ത്തിയ അപൂര്‍വം കളിക്കാരിലൊരാളാണ് ഹാരിസ് എന്ന് ലീമാന്‍ പറഞ്ഞു. ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ വിജയം നേടുമെന്നും ലീമാന്‍ വ്യക്തമാക്കി.