മെല്‍ബണ്‍: ആഷസില്‍ മാനംകാക്കല്‍ പോരാട്ടത്തിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ തിരിച്ചടിക്കുന്നു. വന്‍ സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നത്. 67 റണ്‍സിനിടെ കംഗാരുക്കളുടെ ഏഴു വിക്കറ്റുകളാണ് ഇംഗ്ലണ്ട് കടപുഴക്കിയത്. ഇതോടെ ഓസീസിന്റെ ഒന്നാമിന്നിങ്സ് 327 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റിന് 244 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ട് പുറത്താക്കിയത്.
മറുപടി ബാറ്റിങില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് 192 റണ്‍സെന്ന ശക്തമായ നിലയിലാണ്. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ (104*) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. 166 പന്തില്‍ 15 ബൗണ്ടറികളടങ്ങുന്നതാണ് കുക്കിന്റെ ഇന്നിങ്സ്. കുക്കിനോടൊപ്പം 49 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ക്രീസിലുള്ളത്. എട്ടു വിക്കറ്റ് ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു 135 റണ്‍സ് കൂടി മതി. മാര്‍ക്ക് സ്റ്റോണ്‍മാന്‍ (15), ജെയിംസ് വിന്‍സ് (17) എന്നിവരുടെ വിക്കറ്റുകാണ് ഇംഗ്ലണ്ടിനു നഷ്ടമായത്.
പരമ്പരയിലെ മറ്റൊരു സെഞ്ച്വറിയിലേക്ക് കുതിച്ച ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ 76 റണ്‍സില്‍ വച്ച് അരങ്ങേറ്റക്കാരനായ ടോം ക്യുറാന് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട സ്മിത്ത് എട്ടു ബൗണ്ടറികള്‍ നേടി. ഷോണ്‍ മാര്‍ഷ് 61 റണ്‍സെടുത്ത് പുറത്തായി. താരത്തെ ബ്രോഡ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് (103) ഓസീസിന്റെ ടോപ്സ്കോറര്‍. നാലു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നു വിക്കറ്റ് പിഴുത ജെയിംസ് ആന്‍ഡേഴ്സനും ചേര്‍ന്നാണ് ഓസീസിനെ വന്‍ സ്കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ക്രിസ് വോഗ്സ് രണ്ടുവിക്കറ്റെടുത്തു. ആദ്യ മൂന്നു ടെസ്റ്റുകളിലും ജയിച്ച ഓസീസ് ഇതിനകം അഞ്ചു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു