മുംബൈ: മുംബൈയിലെ സാധാരണക്കാരായ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഓസ്‌ട്രേലിയയിലെ പ്രാദേശിക ക്രിക്കറ്റ് ടീമായ സിഡ്‌നി സിക്‌സേഴ്‌സിനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന കാഴ്ചപ്പാടുള്ളവരാണ് ടീമിലെ മിക്ക കളിക്കാരും. അതുകൊണ്ടുതന്നെ മുംബൈ തെരുവുകളിലെ 500 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ ടീം പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്.
വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വിന്റി 20 ടൂര്‍ണമെന്റിലൂടെ പണം കണ്ടെത്താനാണ് കളിക്കാരുടെ ശ്രമം. ഓരോ സിക്‌സിനും ഓരോ സ്‌പോണ്‍സറെ കണ്ടെത്തുകയും അവര്‍ നല്‍കുന്ന പണം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയുമാണ് ടീമിന്റെ ലക്ഷ്യം. ഒരു സിക്‌സിന് 1000 മുതല്‍ 2000 ഡോളര്‍വരെ സംഭാവനായി സ്വീകരിക്കും.

അങ്ങിനെ സീസണിലെ 40 ദിവസം കൊണ്ട് 42 ലക്ഷത്തോളം രൂപ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി സ്വരൂപിക്കും. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ബ്രാഡ് ഹാഡിന്‍, മോസിസ് ഹെന്റിക്വസ്, സ്റ്റീവ് ഒക്കോഫി തുടങ്ങിവര്‍ പരിപാടിയുടെ ഭാഗമായിക്കഴിഞ്ഞു. കഴിയുന്നത്ര സിക്‌സറുകള്‍ അടിക്കാനാകും ടീമിന്റെ ശ്രമമെന്ന് കളിക്കാര്‍ പറഞ്ഞു.
പണമില്ലാത്തിന്റെ പേരില്‍ വിദ്യാഭ്യാസം മുടങ്ങുന്ന അനേകായിരങ്ങള്‍ മുംബൈ നഗരത്തിലുണ്ട്. പല ചാരിറ്റികളും ഇവര്‍ക്കുവേണ്ടി പണം സ്വരൂപിക്കാറുണ്ടെങ്കിലും പണത്തിന്റെ വിനിയോഗത്തിലെ കൃത്യതയില്ലാത്തതിനാല്‍ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതില്‍ സംഘടനകള്‍ പലപ്പോഴും പരാജയപ്പെടുകയാണ്.