കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ 97 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണിങ് കൂട്ടുകെട്ടില്‍ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 15.3 ഓവറില്‍ 96 റണ്‍സിന് എല്ലാവരും പുറത്തായി.
ഡേവിഡ് വാര്‍ണറും(37 പന്തില്‍ 57), ആരോണ്‍ ഫിഞ്ചും(37 പന്തില്‍ 55) ചേര്‍ന്നുനല്‍കിയ അടിത്തറയാണ് സന്ദര്‍ശര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സ്റ്റീവ് സ്മിത്ത്(15 പന്തില്‍ 30), മിച്ചല്‍ മാര്‍ഷ്(16 പന്തില്‍ 19) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ആദ്യമായി ന്യൂലാന്‍ഡ്‌സ് മൈതാനത്ത് കളിക്കാനിറങ്ങിയ വാര്‍ണറും സ്മിത്തും മികച്ച പ്രകടനം കാഴ്ചവെച്ച് പഴയ ഓര്‍മകളെ മറികടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. വാന്‍ ഡെര്‍ ഡസ്സന്‍(19 പന്തില്‍ 24), ഹെന്റിച്ച് ക്ലാസ്സെന്‍(22), ഡേവിഡ് മില്ലര്‍(15), പ്രിറ്റോറിയസ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നവര്‍. ഓസ്‌ട്രേലിയയ്ക്കുവേണ്ടി മൂന്നുവിക്കറ്റുവീതമെടുത്ത മിച്ചല്‍ സ്റ്റാക്കും ആഷ്ടന്‍ അഗറും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചു. ആദം സാപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി.