ലോകകപ്പ് സന്നാഹം: അഫ്ഗാന്റെ കളി ഇംഗ്ലണ്ടിനോട് നടന്നില്ല... നാണംകെട്ടു, ഓസീസിന്റെ ലങ്കാദഹനം
ഓവല്‍/ സതാംപ്റ്റണ്‍: ലോക കിരീടം നിലനിര്‍ത്താനുറച്ച് തന്നെയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കു വമ്പന്‍ ജയം. മറ്റൊരു കളിയില്‍ കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ട് അഫ്ഗാനിസ്താനെ നിലംപരിശാക്കുകയും ചെയ്തു. ഓസീസ് ലങ്കയെ അഞ്ചു വിക്കറ്റിനും ഇംഗ്ലണ്ട് അഫ്ഗാനെ ഒമ്പത് വിക്കറ്റിനുമാണ് കെട്ടുകെട്ടിച്ചത്.
ലോകകപ്പിനു മുമ്പ് ഓസീസിന്റെയും ഇംഗ്ലണ്ടിന്റെയും അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ സന്നാഹ മല്‍സരത്തില്‍ ഓസീസും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ഓസീസിനായിരുന്നു. ആദ്യ കളിയില്‍ പാകിസ്താനെ അട്ടിമറിച്ചു കൊണ്ടാണ് അഫ്ഗാന്‍ തുടങ്ങിയത്. ലങ്കയാവട്ടെ ആദ്യ സന്നാഹത്തില്‍ ദക്ഷിണാഫ്രിക്കയോടു പരാജയപ്പെട്ടിരുന്നു.

ലങ്കയ്ക്കു ഭേദപ്പെട്ട സ്‌കോര്‍
ഓസീസിനെതിരായ സന്നാഹത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിന് 239 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. ഓപ്പണര്‍ ലഹിരു തിരിമന്നെയാണ് (56) ടോപ്‌സ്‌കോറര്‍. 69 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ധനഞ്ജയ ഡിസില്‍വയാണ് (43) മറ്റൊരു പ്രധാന സ്‌കോറര്‍.
ഓസീസിനു വേണ്ടി കളിയില്‍ എട്ടു പേരാണ് ബൗള്‍ ചെയ്തത്. ഇവരില്‍ ഏഴു പേര്‍ക്കും വിക്കറ്റ് ലഭിച്ചു. രണ്ടു വിക്കറ്റെടുത്ത ആദം സാംപയാണ് മികച്ചുനിന്നത്.

വിജയശില്‍പ്പി കവാജ
ഓപ്പണര്‍ ഉസ്മാന്‍ കവാജയാണ് (89) കളിയില്‍ ഓസീസിന്റെ വിജയശില്‍പ്പിയായത്. 105 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇ്‌നിങ്‌സില്‍ വെറും മൂന്നു ബൗണ്ടറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് കൗതുകകരമായ കാര്യം.
ഗ്ലെന്‍ മാക്‌സ്‌വെല്‍ (36), ഷോണ്‍ മാര്‍ഷ് (34), മാര്‍ക്കസ് സ്‌റ്റോയ്ണിസ് (32) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. 44.5 ഓവറില്‍ അഞ്ചു വിക്കറ്റിന് ഓസീസ് ലക്ഷ്യം മറികടക്കുകയായിരുന്നു.

അഫ്ഗാനെ എറിഞ്ഞിട്ടു
ബൗളിങ് മികവിലാണ് അഫ്ഗാനെതിരേ ഇംഗ്ലണ്ട് മിന്നുന്ന വിജയം കൊയ്തത്. പാകിസ്താനെതിരേ നേടിയ അട്ടിമറി വിജയത്തിന്റെ ആവേശവുമായി ഇറങ്ങിയ അഫ്ഗാന് പക്ഷെ ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ മറുപടി ഇല്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 38.4 ഓവറില്‍ വെറും 160 റണ്‍സില്‍ എറിഞ്ഞൊതുക്കി.
മുഹമ്മദ് നബി (44), നൂര്‍ അലി സദ്രാന്‍ (30) എന്നിവരുടെ ഇന്നിങ്‌സുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ അഫ്ഗാന്റെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു.
ലോകകപ്പ് ടീമില്‍ അവസാനമായി ഇടം പിടിച്ച ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുമായി കസറി. ജോ റൂട്ടിനും മൂന്നു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ 17.3 ഓവറില്‍ ഒരു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ജാസണ്‍ റോയ് പുറത്താവാതെ 89 റണ്‍സുമായി മിന്നി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications