For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദൈവത്തിന് നന്ദി, പഴി അമ്പയര്‍മാര്‍ക്ക്!

By Staff

Andrew Symmondsസിഡ്നി : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും അങ്ങനെ ഇന്ത്യ തോറ്റു. എന്നാല്‍ ഇക്കുറി അമ്പയര്‍മാരെ പഴി ചാരി രക്ഷപെടാനുളള പഴുത് ദൈവം ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കും നല്‍കിയെന്ന ആനുകൂല്യമുണ്ട്. അടുത്ത ടെസ്റ്റ് തുടങ്ങുന്നതു വരെ ചര്‍ച്ചകളും വിശകലനങ്ങളും ആ വഴി ബഹുദൂരം മുന്നേറുകയും ചെയ്യും.

രണ്ടാം ടെസ്റ്റില്‍ 122 റണ്‍സിനാണ് ആസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ 16 ടെസ്റ്റ് വിജയം എന്ന സ്റ്റീവ് വോയുടെ റിക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്.

അമ്പയര്‍മാരുടെ മണ്ടന്‍ തീരുമാനങ്ങള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കളത്തില്‍ അമ്പയര്‍മാര്‍ മണ്ടത്തരം കാണിക്കുന്ന സംഭവം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യത്തേതൊന്നുമല്ല.

രണ്ടാം ഇന്നിംഗ്സില്‍ രാഹുല്‍ ദ്രാവിഡിന്റെയും സൗരവ് ഗാംഗൂലിയുടെയും പുറത്താകല്‍ സ്റ്റീവ് ബക്ക്നറുടെയും മൈക്കേല്‍ ബെന്‍സലിന്റെയും ക്രിക്കറ്റ് ജീവിതത്തിലുടനീളം കറുത്ത നിഴലായി കൂടെയുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ അതു കൊണ്ട് മാത്രമാണ് ഇന്ത്യ തോറ്റതെന്ന വിലയിരുത്തല്‍ അല്‍പം കടന്നു പോകും.

സിമ്മണ്ട്സിന്റെ പന്ത് ദ്രാവിഡിന്റെ പാഡിനെ ഉമ്മ വെച്ച് ഗില്‍ക്രിസ്റ്റിന്റെ ഗ്ലൗസിലണഞ്ഞപ്പോഴാണ് ബക്ക്നര്‍ ഒരു സംശയവും കൂടാതെ ചൂണ്ടു വിരല്‍ ഉയര്‍ത്തിയത്.

ഗാംഗൂലിയുടെ ബാറ്റില്‍ നിന്നും വെടിയുണ്ട പോലെ തെറിച്ച ബ്രെറ്റ്ലിയുടെ പന്ത് സ്ലിപ്പില്‍ നിന്ന മൈക്കേല്‍ ക്ലാര്‍ക്ക് കൈയിലൊതുക്കുന്നതിനു മുമ്പ് തറയില്‍ പതിഞ്ഞിരുന്നു. തീരുമാനമെടുക്കും മുമ്പ് എതിര്‍ടീമിന്റെ ക്യാപ്റ്റനോടാലോചിക്കുക എന്ന പുതിയ 'ജനാധിപത്യ മര്യാദ'യാണ് മൈക്കേല്‍ ബെന്‍സല്‍ കളത്തില്‍ കൈക്കൊണ്ടത്.

വിജയിക്കാന്‍ 333 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ജാഫറിന്റെയും ലക്ഷ്മണിന്റെയും സച്ചിന്റെയും യുവരാജിന്റെയും പുറത്താകലിന് പ്രത്യേക ന്യായങ്ങളൊന്നും പറയാനില്ല. ഒന്നാം ഇന്നിംഗ്സിലെ സെഞ്ച്വറികളുടെ തൂവലുകള്‍ ലക്ഷ്മണിനെയും സച്ചിനെയും രക്ഷിച്ചില്ല. യുവരാജും ജാഫറുമാകട്ടെ, രണ്ടിന്നിംഗ്സിലും ദയനീയ പരാജയവുമായിരുന്നു.

ജാഫര്‍, ലക്ഷ്മണ്‍, സച്ചിന്‍, യുവരാജ് എന്നീ നാലു സൂപ്പര്‍താരങ്ങള്‍ ചേര്‍ന്ന് ആകെയെടുത്ത റണ്‍സ് വെറും 32. ഇതില്‍ ജാഫറും യുവരാജും നല്‍കിയ സംഭാവന വലിയൊരു പൂജ്യവും. ക്രിക്കറ്റ് പ്രേമികളുടെയും വിശകലനവിദഗ്ധരുടെയും കോപതാപങ്ങളില്‍ നിന്നും ഈ സൂപ്പര്‍ ഗ്ലാമര്‍ താരങ്ങളെ രക്ഷിച്ചത് അമ്പയര്‍മാരുടെ മണ്ടത്തരങ്ങളാണ് എന്ന് പറയുന്നതാവും ശരി.

സമ്മര്‍ദ്ദത്തിന്റെ നിഴലില്‍ ബാറ്റു വീശാന്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഇനിയും മനശക്തി വന്നിട്ടില്ല എന്ന് രണ്ടാം ടെസ്റ്റ് പരാജയവും വിളിച്ചു പറയുന്നു.

54ന് മൂന്നെന്ന നിലയില്‍ തകര്‍ന്നപ്പോള്‍ തന്നെ ടീം ഇന്ത്യ പരാജയം മണത്തു തുടങ്ങിയിരുന്നു. ഒരു സമനിലയുടെ വിദൂര സ്വപ്നമായിരുന്നു പിന്നെയുണ്ടായിരുന്നത്. അമ്പയര്‍മാര്‍ ചേര്‍ന്ന് ആ സ്വപ്നം തല്ലിക്കെടുത്തി.

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ രണ്ടാം ഇന്നിംഗ്സില്‍ ക്ഷമയോടെ കളിച്ച് സെഞ്ച്വറികള്‍ നേടിയ ഹെയ്ഡനും ഹസിയുമാണ് ആസ്ട്രേലിയയുടെ വിജയ ശില്‍പികള്‍. ഹെയ്ഡന്‍ 126 റണ്‍സ് നേടി പുറത്തായപ്പോള്‍ ഹസി 145 റണ്‍സുമായി പുറത്താകാതെ നിന്നു. സിമ്മണ്ട്സിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ കൂടി ബലത്തില്‍ ഏഴിന് 401 റണ്‍സെന്ന സുഭദ്രമായ സ്ക്കോറില്‍ ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

56 പന്തുകളില്‍ നിന്നും 51 റണ്‍സ് നേടിയ ഗാംഗൂലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ആസ്ട്രേലിയയ്ക്കു വേണ്ടി മെക്കേല്‍ ക്ലാര്‍ക്കും സിമ്മണ്ട്സും മൂന്നും സ്റ്റുവര്‍ട്ട് ക്ലെര്‍ക്കും ബ്രെറ്റ് ലീയും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും തികയ്ക്കുകയും രണ്ടാം ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആന്‍ഡ്രൂ സിമ്മണ്ട്സാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+