ലക്ഷ്യമിട്ടത് രണ്ടു പേരെ, ക്ലിക്കാവുകയും ചെയ്തു... ഇന്ത്യയെ വീഴ്ത്തിയ തന്ത്രം ഇതെന്ന് മോര്‍ഗന്‍
ബെര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഇംഗ്ലണ്ട് ബ്രേക്കിട്ടിരുന്നു. ഞായറാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തില്‍ 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഈ ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ സെമി പ്രവേശനം നീളുകയും ചെയ്തു. ബാറ്റിങ് കരുത്തിലാണ് വിരാട് കോലിയെയും സംഘത്തെയും ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട് ഞെട്ടിച്ചത്.
ഇന്ത്യന്‍ ബൗളിങ് നിരയെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ തല്ലിപ്പരുവമാക്കുയായിരുന്നു. പേസര്‍ ജസ്പ്രീത് ബുംറയൊഴികെ ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവരെല്ലാം ആറിലധികം റണ്‍സാണ് ഒരോവറില്‍ വഴങ്ങിയത്. മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ ഇയോന്‍ മോര്‍ഗന്‍.

ചഹലിനെയും കുല്‍ദീപിനെയും ആക്രമിച്ചു
ഇന്ത്യയുടെ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും ആക്രമിക്കാന്‍ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് കളിക്കളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞതാണ് തങ്ങള്‍ക്കു നേട്ടമായതെന്ന് മോര്‍ഗന്‍ പറഞ്ഞു.
ആദ്യ പവര്‍പ്ലേയില്‍ 47 റണ്‍സ് മാത്രമേ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ- ജാസണ്‍ റോയ് എന്നിവര്‍ക്കു നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ അടുത്ത 10 ഓവറില്‍ 97 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്. കുല്‍ദീപിനെയും ചഹലിനെയും ഇവര്‍ കണക്കറ്റ് ശിക്ഷിക്കുകയും ചെയ്തു. മല്‍സരത്തില്‍ ചഹല്‍ 10 ഓവറില്‍ 88ഉം കുല്‍ദീപ് 72ഉം റണ്‍സാണ് വിട്ടുകൊടുത്തത്. ഓരോ വിക്കറ്റ് മാത്രമേ ഇരുവര്‍ക്കും നേടാനായുള്ളൂ.

10-20 ഓവര്‍ ടേണിങ് പോയിന്‍റ്
കളിയുടെ 10 മുതല്‍ 20 വരെയുള്ള ഓവറാണ് മല്‍സരത്തില്‍ ടേണിങ് പോയിന്റായതെന്ന് മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. പത്തോ പതിനൊന്നോ ഓവറില്‍ 100ന് അടുത്ത് റണ്‍സാണ് ജാസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് നേടിയത്. പന്ത് ബാറ്റിലേക്ക് ശരിക്കും വരുന്നില്ലെന്ന് വ്യക്തമായതോടെ ഇരുവരും കടന്നാക്രമിക്കുകയായിരുന്നു.
വിക്കറ്റിനെ ചിലപ്പോള്‍ ഫ്‌ളാറ്റെന്നു തോന്നിപ്പിക്കുന്ന തരത്തിലേക്കു മാറ്റാന്‍ ജാസണിനും ജോണിക്കും കഴിയും. ഇരുവരുടെയും പ്രകടനം സ്വപ്‌നതുല്യമായ തുടക്കമാണ് തങ്ങള്‍ക്കു നല്‍കിയത്. കളിയുടെ ആ ഘട്ടത്തില്‍ തന്നെ ഇന്ത്യയേക്കാള്‍ തങ്ങള്‍ മുന്നിലെത്തിയതായും മോര്‍ഗന്‍ വിശദമാക്കി.

ആത്മവിശ്വാസം വര്‍ധിപ്പിച്ചു
ഇന്ത്യക്കെതിരേ നേടിയ മിന്നുന്ന ജയം ഇംഗ്ലീഷ് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയതായി മോര്‍ഗന്‍ വ്യക്തമാക്കി. സെമി ഫൈനലിലെത്താമെന്ന ആത്മവിശ്വാസമല്ല, മറിച്ച് ലോകകിരീടം തന്നെ ഉയര്‍ത്താന്‍ തങ്ങള്‍ക്കാവുമെന്ന് ടീമിന് ഉറപ്പുവന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ മല്‍സരത്തിനു മുമ്പ് തുടര്‍ച്ചയായി രണ്ടു കളികളില്‍ ഇംഗ്ലണ്ട് തോറ്റിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ തിരിച്ചുവരേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യക്കെതിരായ പ്രകടനം ടീമിനെയാകെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ട് തീര്‍ച്ചയായും കിരീടമുയര്‍ത്തുമെന്നും മോര്‍ഗന്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications