For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ ഇനി സൂപ്പര്‍ പോരാട്ടങ്ങള്‍... ഇന്ത്യ ബംഗ്ലാദേശിനെതിരേ; പാകിസ്താനെ പഞ്ഞിക്കിടാന്‍ അഫ്ഗാന്‍

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ | Oneindia Malayalam

ദുബായ്/അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സൂപ്പര്‍ ഫോറില്‍ ഇന്ന് രണ്ട് മല്‍സരങ്ങളാണ് അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കുമ്പോള്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ അട്ടിമറിവീരന്‍മാരായ അഫ്ഗാനിസ്താനെ നേരിടും.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് രണ്ട് മല്‍സരങ്ങളും അരങ്ങേറുന്നത്. ഞായറാഴ്ച നടക്കുന്ന ഗ്ലാമര്‍ പോരില്‍ ഇന്ത്യ പാകിസ്താനുമായും അഫ്ഗാനിസ്താന്‍ ബംഗ്ലാദേശുമായും ഏറ്റുമുട്ടും. ചൊവ്വാഴ്ച ഇന്ത്യ അഫ്ഗാനിസ്താനെ നേരിടുമ്പോള്‍ ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ഫോറിലെ അവസാന പോരില്‍ പാകിസ്താന്‍ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.

സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മിലാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുക. ഈ മാസം 28ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്.

വിജയകുതിപ്പ് തുടരാന്‍ ഇന്ത്യ

വിജയകുതിപ്പ് തുടരാന്‍ ഇന്ത്യ

ടൂര്‍ണമെന്റില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ പടനയിക്കുന്ന ഇന്ത്യ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കുന്നത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലാദേശ് പോര് അരങ്ങേറുന്നത്.

ഗ്രൂപ്പ്ഘട്ടത്തില്‍ ദുര്‍ബലരായ ഹോങ്കോങിനോട് കഷ്ടപ്പെട്ട് രക്ഷപ്പെട്ട ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ചിരവൈരികളും അയല്‍ക്കാരുമായ പാകിസ്താനെ തരിപ്പണമാക്കി ടൂര്‍ണമെന്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പാകിസ്താനെതിരേ നേടിയ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശിനെയും തകര്‍ത്ത് ഫൈനലിലേക്ക് ഒരുപടി അടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ആദ്യ മല്‍സരത്തില്‍ നിറംമങ്ങിയ ഇന്ത്യന്‍ ബൗളിങ് നിര രണ്ടാം മല്‍സരത്തില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളിലും ഓപ്പണര്‍ ശിഖര്‍ ധവാന്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ പാകിസ്താനെതിരേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ച്വറിയുമായി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിചയസമ്പന്നനായ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയില്‍ നിന്ന് മികച്ച ഇന്നിങ്‌സ് പ്രതീക്ഷിക്കുകയാണ് ഇന്ത്യയും ആരാധകരും.

പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവരിലൊരാളായിരിക്കും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക. മറ്റു മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരില്ലെന്നാണ് റിപോര്‍ട്ടുകള്‍.

തിരിച്ചുവരാന്‍ ബംഗ്ലാദേശ്

തിരിച്ചുവരാന്‍ ബംഗ്ലാദേശ്

ഗ്രൂപ്പ്ഘട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കെതിരേ തകര്‍പ്പന്‍ വിജയം നേടിയ ബംഗ്ലാദേശ് രണ്ടാമങ്കത്തില്‍ അഫ്ഗാനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. അതുകൊണ്ട് തന്നെ വിജയത്തോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാ കടുവകള്‍.

പക്ഷേ, മികച്ച ഫോമിലുള്ള ഇന്ത്യക്കെതിരേ വിജയക്കൊടി നാട്ടണമെങ്കില്‍ ബംഗ്ലാദേശിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. അഫ്ഗാനിസ്താനെതിരേ വിശ്രമം അനുവദിച്ച മുഷ്ഫിഖുര്‍ റഹീം മുഷ്തഫിസുര്‍ റഹ്മാനും ഇന്ത്യക്കെതിരേ ബംഗ്ലാ ടീമില്‍ തിരിച്ചെത്തും. പരിക്കേറ്റ തമീം ഇഖ്ബാലിനു പകരം മൊമിനുല്‍ ഹഖ് ഓപ്പണിങ് റോളിലിറങ്ങുമെന്നാണ് റിപോര്‍ട്ട്.

ഇന്ത്യ-ബംഗ്ലാദേശ് നേര്‍ക്കുനേര്‍

ഇന്ത്യ-ബംഗ്ലാദേശ് നേര്‍ക്കുനേര്‍

ഇന്ത്യയും ബംഗ്ലാദേശും 34 തവണയാണ് ഏകദിനത്തില്‍ മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളത്. 27 മല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ച് മല്‍സരങ്ങളില്‍ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. രണ്ടു മല്‍സരം ഉപേക്ഷിച്ചു.

കഴിഞ്ഞ തവണത്തെ ഏഷ്യാ കപ്പ് ഫൈനലിലാണ് ഇന്ത്യയും ബംഗ്ലാദേശും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. മിര്‍പുര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്തിരുന്നു.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദര്‍ ജാദവ്, ദീപക് ചഹാര്‍/രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.


ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, മൊമിനുല്‍ ഹഖ്, ശാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിഥുന്‍, മഹ്മൂദുല്ല, മൊസദെക് ഹുസെയ്ന്‍, മെഹ്ദി ഹസന്‍ മിറാസ്, മഷ്‌റഫെ മോര്‍ത്തസ (ക്യാപ്റ്റന്‍), റുബെല്‍ ഹുസെയ്ന്‍, മുഷ്തഫിസുര്‍ റഹ്മാന്‍.

പാകിസ്താന്‍ vs അഫ്ഗാനിസ്താന്‍

പാകിസ്താന്‍ vs അഫ്ഗാനിസ്താന്‍

സൂപ്പര്‍ ഫോറില്‍ വിജയത്തോടെ ഫൈനല്‍ സാധ്യത സജീവമാക്കാനുറച്ചാണ് പാകിസ്താനും അഫ്ഗാനിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. അബുദാബി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പാക്-അഫ്ഗാന്‍ പോരാട്ടം.

ഗ്രൂപ്പ്ഘട്ടത്തില്‍ ഹോങ്കോങിനെതിരേ തകര്‍പ്പന്‍ വിജയം നേടിയ പാകിസ്താന്‍ രണ്ടാമങ്കത്തില്‍ ഇന്ത്യക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍, ഹാട്രിക്ക് വിജയം തേടിയാണ് അഫ്ഗാനിറങ്ങുന്നത്. ഗ്രൂപ്പ്ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയും ബംഗ്ലാദേശിനെതിരേയും ഉജ്ജ്വല വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്.

Story first published: Friday, September 21, 2018, 12:27 [IST]
Other articles published on Sep 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+