ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കുകയാണ്. ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികള്‍. ഉദ്ഘാടന മത്സരത്തില്‍ ദുര്‍ബലരായ യുഎഇയ്ക്ക് മേല്‍ വന്‍ വിജയം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം മലയാൡക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം എല്ലാവരും കാത്തിരിക്കുന്നത് സഞ്ജു സാംസണ്‍ കളിക്കുമോ എന്ന് അറിയാനാണ്.
ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഫോമിലുള്ള താരങ്ങളില്‍ മുന്നിലാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ 10 ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ആണ് സഞ്ജു അടിച്ചെടുത്തത്. അതിനാല്‍ തന്നെ സഞ്ജു പ്ലയിംഗ് ഇലവനില്‍ ഉണ്ടാകും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ഏഷ്യാ കപ്പ് ടീമിലേക്ക് ശുഭ്മാന്‍ ഗില്‍ വന്നത് ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി.

ടെസ്റ്റ് ക്യാപ്റ്റനായ ഗില്‍ വന്നത് ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തിനാണ് വെല്ലുവിളിയായത്. ഗില്‍ ടീമില്‍ വരുന്നതോടെ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ എന്നിവരില്‍ ഒരാള്‍ മാത്രമെ പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകൂ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ജിതേഷ് ശര്‍മ്മയ്ക്ക് ഒരു അവസരം നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീണിട്ടുണ്ട്.
അതേസമയം നായകന്‍ സൂര്യകുമാര്‍ യാദവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം സഞ്ജു ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തിനിടെ സഞ്ജുവിന്റെ റോളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് ഒരു പുഞ്ചിരിയോടെ മറുപടി നല്‍കി: ''സര്‍, ഞാന്‍ നിങ്ങള്‍ക്ക് പ്ലെയിംഗ് ഇലവനെ മെസ്സേജ് ചെയ്യാം. നോക്കൂ, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവനെ നന്നായി പരിപാലിക്കുന്നുണ്ട്. വിഷമിക്കേണ്ട, നാളെ ഞങ്ങള്‍ ശരിയായ തീരുമാനം എടുക്കും,' സൂര്യകുമാര്‍ പറഞ്ഞു.
എങ്കിലും വലിയ പ്രതീക്ഷ വേണ്ട എന്ന് വാദിക്കുന്നവരുമുണ്ട്. ഐസിസി അക്കാദമിയിലെ ഇന്ത്യയുടെ പരിശീലന സെഷനുകള്‍ പ്രകാരം സഞ്ജുവിന്റെ സാധ്യത കുറവാണ്. തിങ്കളാഴ്ചത്തെ അവസാന പരിശീലന റണ്ണില്‍ സാംസണ്‍ നേരത്തെ എത്തി വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിനായി ഗ്ലൗസ് ചെയ്ത് വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ബാറ്റിംഗ് റൊട്ടേഷന്‍സ് ആരംഭിച്ചുകഴിഞ്ഞപ്പോള്‍, ഒപ്റ്റിക്‌സ് മാറി.
ജിതേഷ് ശര്‍മ്മ, ശിവം ദുബെ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം താളത്തില്‍ ബാറ്റ് ചെയ്തു. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ പിന്നാലെ വന്നു. സാംസണ്‍ പാഡ് അപ്പ് ചെയ്തു ഷാഡോ-ബാറ്റ് ചെയ്യുകയായിരുന്നു. കീപ്പിംഗ് പരിശീലനത്തിനിടെ ഗൗതം ഗംഭീര്‍ അദ്ദേഹവുമായി ഒരു ഹ്രസ്വ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും കാണാമായിരുന്നു. സഞ്ജുവിന്റെ ഏറ്റവും വലിയ പിന്തുണക്കാരില്‍ ഒരാളാണെങ്കിലും ഗംഭീര്‍ നാളെ എന്ത് തീരുമാനമെടുക്കും എന്ന് കണ്ടറിയണം.
ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പുനഃസ്ഥാപിക്കുകയും ടോപ് സ്ഥാനത്തെത്തിക്കുകയും ചെയ്തതോടെ, ഇന്ത്യയുടെ ഇലവനില്‍ ഓപ്പണറായി സഞ്ജുവിന് സാധ്യത കുറഞ്ഞു. മധ്യനിരയില്‍ സഞ്ജുവിനെ മുന്‍പെ ജിതേഷുമെത്തും. ഏതായാലും ഇന്ന് ഇന്ത്യ യുഎഇക്കെതിരെ കളിക്കളത്തിലിറങ്ങുമ്പോള്‍, മാനേജ്മെന്റിന്റെ തീരുമാനം വ്യക്തമാകും.