പാക് ടീമിന്റെ നെഞ്ചിൽ ഗവാസ്‌കർ വക അവസാന ആണി; 'അവരുടെ ഏറ്റവും നല്ല ബാറ്റർ ഷഹീൻ അല്ലേ?'
ഏഷ്യാ കപ്പിൽ മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്. ഇത്തവണത്തെ ടൂർണമെന്റിൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഒക്കെയായി മൂന്നാം തവണയാണ് ഇരുകൂട്ടരും ഏറ്റുമുട്ടാൻ പോവുന്നത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യമായ സമ്മർദ്ദം ഏതുമില്ലെന്ന് തന്നെ പറയാം. എന്നാൽ പാകിസ്ഥാന്റെ സ്ഥിതി അതല്ല.
എന്തെന്നാൽ ഫൈനലിൽ എത്തിയെങ്കിലും അവരുടെ പ്രകടനം ഒരുഘട്ടത്തിൽ പോലും ആധികാരികം എന്ന് വിലയിരുത്താൻ കഴിയാത്ത അവസ്ഥയാണ്. കാരണം ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ടീമിലെ പല താരങ്ങളും കടന്നുപോവുന്നത്. ബാറ്റിംഗിൽ ടീം അമ്പേ പരാജയമാണ്. പല മുൻനിര താരങ്ങളും രണ്ടക്കം കാണാൻ പോലും വിഷമിക്കുന്ന സഹചര്യമാണ് നിലവിലുള്ളത്. ഇത് പരിഹാസത്തിനും ഇടയാക്കുന്നുണ്ട് എന്നതാണ് കാര്യം.

അത്തരത്തിൽ ഇപ്പോഴിതാ പാക് ടീമിനെ പരിഹസിച്ചുരംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ. പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗിലെ പരാജയമാണ് സുനിൽ ഗവാസ്‌കർ ഇക്കുറി വിഷയമായി തിരഞ്ഞെടുത്തത്. ഇന്ത്യയ്ക്ക് എതിരായ രണ്ട് മത്സരങ്ങളിലും മറ്റുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മാച്ചുകളിലും ഒന്നും പാക് ടീമിന്റെ ബാറ്റിംഗ് നിര വേണ്ട രീതിയിൽ മികവ് പുലർത്തിയിരുന്നില്ല.
എന്നാൽ പേസർ ഷഹീൻ അഫ്രീദി വാലറ്റത്ത് നിന്ന് ഭേദപ്പെട്ട പ്രകടനം ബാറ്റിങിൽ നടത്തിയിരുന്നു. ഇതാണ് ഗവാസ്‌കർ ചൂണ്ടിക്കാണിക്കുന്നത്. ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ പാകിസ്ഥാൻ ടീമിനെ കടുത്ത രീതിയിൽ പരിഹസിച്ചിരിക്കുന്നത്.
ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർ ഷഹീൻ അഫ്രീദിയാണെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. വ്യത്യസ്‌ത സാഹചര്യങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനവും മികവും കാഴ്‌ചവയ്ക്കുന്ന ഷഹീൻ, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഡെത്ത് ഓവറുകളിൽ പാകിസ്ഥാന്റെ രക്ഷയ്ക്ക് എത്തിയിരുന്നു. പിന്നീട് യുഎഇയ്‌ക്കെതിരെയും മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്‌ചവച്ചു.
അതേസമയം, ഗവാസ്‌കറിന്റെ പരിഹാസത്തിൽ കാര്യമില്ലാതില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പോലും വിലയിരുത്തുന്നത്. ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിൽ പാകിസ്ഥാൻ ബാറ്റിംഗിൽ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പവർ പ്ലേയിൽ തന്നെ സാഹിബ്‌സാദ ഫർഹാനും സെയ്ം അയൂബും കൂടാരം കയറിയപ്പോൾ ഫഖർ സമാനും ഹുസൈൻ തലത്തും അവരെ പിന്തുടർന്ന് പവലിയനിലേക്ക് മടങ്ങി.
തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്‌ചവെച്ച മുഹമ്മദ് ഹാരിസും മുഹമ്മദ് നവാസും പാകിസ്ഥാനെ ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുകയും ബൗളർമാർക്ക് മാന്യമായ പ്രതിരോധം നൽകുകയും ചെയ്‌തിരുന്നു. ഹാരിസിന്റെ 31ഉം നവാസിന്റെ 25ഉം റൺസ് സംഭാവന കൂടിയായതോടെ പാകിസ്ഥാൻ 20 ഓവറിൽ 135 റൺസ് എന്ന ഭേദപ്പെട്ട ടോട്ടലിൽ എത്തുകയായിരുന്നു.
എന്നാൽ ബൗളിംഗിൽ കരുത്തുകാട്ടിയ അവർ ഒടുവിൽ വിജയം കണ്ടെത്തുകയും ഫൈനൽ ഉറപ്പാക്കുകയും ചെയ്തെങ്കിലും ഇപ്പോഴും ആശങ്കൾ ഒഴിഞ്ഞിട്ടില്ല. വലിയ രീതിയിൽ ഇത്തവണ ടൂർണമെന്റിൽ താരമാവുമെന്ന് കരുതിയ പല ബാറ്റർമാരും പാടേ പരാജയപ്പെടുകയും മോശം ഫോം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ചത്തെ ഫൈനലിന് മുന്നോടിയായി ഗവാസ്‌കറിന്റെ വാക്കുകൾ പാക് ടീമിനെ വേട്ടയാടുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications