ഏഷ്യാ കപ്പിൽ ഫൈനലിന് ഇനി ഒരു നാൾ മാത്രമാണ് ശേഷിക്കുന്നത്. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ ഫൈനലിൽ രാജകീയമായി പ്രവേശിച്ചത്. അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ അൽപ്പം വിയർത്തെങ്കിലും ഇന്ത്യ അവസാനം സൂപ്പർ ഓവറിലൂടെ ജയം പിടിച്ചെടുക്കുകയാണ് ചെയ്‌തത്. ഇന്ത്യയുടെ തോൽവി ആഗ്രഹിച്ചുനിന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് ആരാധകർക്ക് ഇതൊരു നല്ല തിരിച്ചടിയായെന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്.
ടൂർണമെന്റിൽ രണ്ട് വട്ടം ഇന്ത്യ ദയനീയമായി തോൽപ്പിച്ചു വിട്ട പാകിസ്ഥാൻ ആണ് ഫൈനലിൽ അവരുടെ എതിരാളി. അതാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഗ്രൂപ്പ് ഘട്ടത്തിലും, സൂപ്പർ നാലിലും ഒന്നും തന്നെ ഇന്ത്യയോട് കിടപിടിക്കാൻ കഴിയുന്ന തരത്തിൽ ആയിരുന്നില്ല അവരുടെ പ്രകടനം. രണ്ട് മത്സരങ്ങളിലെയും തോൽവിക്ക് ശേഷം ഇന്ത്യയോട് ഏത് വിധേനയും ഫൈനലിൽ ജയിക്കാൻ ഉറച്ചാണ് അവർ വരുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ആശങ്കകൾ ഏതുമില്ല. എന്നാൽ പാകിസ്ഥാന്റെ കാര്യം അങ്ങനെയല്ല. വിചാരിച്ചത് പോലെ ശോഭിക്കാൻ അവർ ഈ ടൂർണമെന്റിൽ സാധിച്ചിട്ടില്ലെന്നതാണ് പ്രധാന കാര്യം. അവരുടെ മുൻകാല പ്രകടനങ്ങൾ ഒക്കെ വച്ച് നോക്കുമ്പോൾ ശരാശരിയിലും താഴെയാണ് ഇപ്പോഴത്തെ ടീമിന്റെ നിലവാരമെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെയാവണം അവരുടെ മുൻ താരങ്ങൾ വരെ കടുത്ത ഭാഷയിലാണ് ടീമിനെ വിമർശിക്കുന്നത്.
ഇപ്പോഴിതാ ഞായറാഴ്‌ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ടീമിന്റെ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കവേ ഇത്തവണത്തെ ടീം തിരഞെടുപ്പിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുൻ സ്‌പിന്നർ ഷാഹിദ് അഫ്രീദി രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണ ടൂർണമെന്റിൽ ടീം നല്ല പ്രകടനം കാഴ്‌ച വയ്ക്കാത്തതിന്റെ കാരണം മികച്ച താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയതാണെന്ന് അഫ്രീദി പറയുന്നു.
പാകിസ്ഥാന് മികച്ച ക്രിക്കറ്റ് കളിക്കണമെങ്കിൽ, കഴിഞ്ഞ വർഷം മുതൽ ടി20 ടീമിൽ നിന്ന് പുറത്തായ മുൻനിര ബാറ്റർമാരായ ബാബർ അസമിനും മുഹമ്മദ് റിസ്‌വാനും ടീമിൽ ഇടം നൽകണമായിരുന്നുവെന്ന് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു പൊതുപരിപാടിയിൽ വച്ചായിരുന്നു അഫ്രീദിയുടെ പരാമർശം.
'ഇങ്ങനെയാണ് ഇവർ കളിക്കാൻ ഉദ്ദേശിച്ചതെങ്കിൽ, ബാബർ-റിസ്വാൻ എന്നിവരും ടീമിൽ ഉണ്ടാകേണ്ടതായിരുന്നു. അവർ ഉള്ളപ്പോൾ അവരെ നിസാരമായി കാണുന്നു, ഇതാണ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ പ്രശ്‌നം' ഇരുവരുടെയും വില മനസിലാക്കാതെയാണ് ആരാധകരും മാനേജ്‌മെന്റും പെരുമാറുന്നത് എന്ന അർത്ഥമാക്കി അഫ്രീദി പറയുന്നു.
നസീം ഷായെയും ടീമിൽ നിന്ന് മിസ് ചെയ്യുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ദുബായിലെ സാഹചര്യങ്ങളിൽ ഷഹീൻ ഷാ അഫ്രീദിയുമായി നല്ലൊരു കൂട്ടുകെട്ട് സൃഷ്‌ടിക്കാൻ പേസർക്ക് കഴിയുമായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നു എന്നാണ് അഫ്രീദി പറയുന്നത്. ഇത്തവണ ബാറ്റിങിൽ അമ്പേ പരാജയമായ ടീം അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത് ബൗളിംഗിലാണ്.
'നസീമിനെ ഞാൻ ഒരുപാട് മിസ് ചെയ്‌തു. ഷഹീനും അദ്ദേഹവും ഒരു മികച്ച ജോഡി ആയിരുന്നെങ്കിൽ എന്ന് ഞാൻ കരുതുന്നു. ടീം കളിക്കുന്ന രീതി വെച്ചു നോക്കുമ്പോൾ കാര്യങ്ങൾ അത്ര മികച്ചതല്ല. ശ്രീലങ്കയെയും ഒമാനെയും തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയും, പക്ഷേ ഇന്ത്യയ്‌ക്കെതിരായ ഫൈനലിൽ, മൂന്ന് മേഖലകളിലും നിങ്ങൾ മികച്ച പ്രകടനം കാഴ്‌ച വയ്ക്കണം' അഫ്രീദി മുന്നറിയിപ്പ് നൽകി.