ഒമാനെതിരെ സഞ്ജു മുൻനിരയിൽ ഇറങ്ങും? ഇത് മുൻ ഇന്ത്യൻ താരം നൽകുന്ന ഉറപ്പ്, 'അവർക്ക് അവസരം കിട്ടിയില്ല'
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും എളുപ്പത്തിൽ ജയിച്ച ഇന്ത്യ മൂന്നാം അങ്കത്തിന് ഇറങ്ങുന്നത് ഇത്തിരികുഞ്ഞൻമാരായ ഒമാനെതിരായാണ്. സൂപ്പർ നാലിൽ നേരത്തെ തന്നെ ഇടം നേടിയ സാഹചര്യത്തിൽ കാര്യമായ സമ്മർദ്ദം ഏതുമില്ലാതെയാണ് ടീം ഇക്കുറി ഇറങ്ങുന്നത്. മാത്രമല്ല ബാറ്റിംഗ് ഓർഡറിലും ടീം മൊത്തത്തിലും ചില പരീക്ഷണങ്ങൾക്കും സാധ്യത കൽപ്പിക്കുന്നുണ്ട് ക്രിക്കറ്റ് പണ്ഡിതർ.
ഒമാൻ ദുർബലർ ആയതിനാൽ തന്നെ ഇലവനിൽ മറ്റ് ചിലർക്ക് ഇടം നൽകുമോ ഗൗതം ഗംഭീർ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീം ആരാധകരുടെ ആശങ്ക വേറെയാണ്. സൂപ്പർ ഫോർ അടുത്തെത്തിയിട്ടും ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്ന മത്സരങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്നത്തെ ഒമാന് എതിരായ മത്സരത്തിലും അത്തരമൊരു വെല്ലുവിളി പ്രതീക്ഷിക്കേണ്ട.

അങ്ങനെ വരുമ്പോൾ കൃത്യമായ ടീം കോമ്പിനേഷനും താരങ്ങളുടെ മത്സര പരിചയവും ഒക്കെ എങ്ങനെ കണക്ക് കൂട്ടാൻ കഴിയുമെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. പ്രധാനമായും ഈ ടൂർണമെന്റിന് മുൻപ് ഓപ്പണർ ആയി അഭിഷേക് ശർമ്മയ്ക്ക് ഒപ്പം കളിച്ചിരുന്ന സഞ്ജു സാംസൺ ടോപ് ഓർഡറിൽ നിന്ന് മാറിയാണ് ഇപ്പോൾ കളിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞ രണ്ട് കളികളിലും താരത്തിന് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയിരുന്നില്ല.
ഇതോടെ മൂന്നാം മത്സരത്തിൽ സഞ്ജു മുൻനിരയിൽ ഇറങ്ങുമോ എന്നാണ് പലരും ചോദിക്കുന്നത്.അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സഞ്ജയ് ബാംഗർ. ഒമാന് എതിരെ സഞ്ജു ടോപ് ഓർഡറിൽ വരുമെന്നാണ് സഞ്ജയ് പറയുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് കളിയിൽ സഞ്ജുവിനും ഹർദിക് പാണ്ഡ്യയ്ക്കും ബാറ്റിംഗ് അവസരം കിട്ടാത്ത സാഹചര്യത്തിൽ സഞ്ജുവിനെ ഇനി മുന്നോട്ട് ഇറക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
'നിലവിലേത് പോലെ ആദ്യ നാല് സ്ഥാനങ്ങളിൽ തന്നെ എല്ലാവരും തുടരും, അതിനുശേഷം ശിവം ദുബെയും സഞ്ജു സാംസണും തമ്മിലൊരു മാറ്റം നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും. കാരണം സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയ്ക്കും ടൂർണമെന്റിൽ ഇതുവരെ ബാറ്റ് ചെയ്യാൻ അവസരം നേടിയിട്ടില്ല' എന്നാണ് ബാംഗർ പറയുന്നത്.
ആദ്യ മത്സരങ്ങളിൽ ഗിൽ വലിയ സ്‌കോർ നേടിയിട്ടില്ലാത്തതിനാൽ നാലാം നമ്പർ വരെ അവർ ഇതേ ബാറ്റിംഗ് തുടരുമെന്ന് ഞാൻ കരുതുന്നു. ഒരു മത്സരത്തിൽ തിലകിന് അവസരം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിൽ സഞ്ജു അഞ്ചാം നമ്പറിൽ ആയിരിക്കും ഇന്നിറങ്ങുക. മാത്രമല്ല ഒമാന് എതിരെ ഇന്ത്യ ടോസ് നേടുകയാണെങ്കിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്നാണ് സഞ്ജയ് ബാംഗർ ആവശ്യപ്പെടുന്നത്.
'അതെ, ഇന്ത്യ തീർച്ചയായും ആദ്യം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കും. ആദ്യം ബാറ്റ് ചെയ്യാൻ ശ്രമിക്കുക, നിങ്ങളുടെ ബാറ്റർമാർക്ക് മതിയായ അവസരം നൽകുക, കാരണം രണ്ട് മത്സരങ്ങളിലും അഭിഷേക് ശർമ്മയുടെ തുടക്കം ഇന്ത്യ നന്നായി മുതലെടുത്തിട്ടുണ്ട്... സൂര്യകുമാർ യാദവും നന്നായി ബാറ്റ് ചെയ്‌തു, പക്ഷേ മറ്റ് ബാറ്റർമാർക്ക് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല' അദ്ദേഹം ചൂണ്ടിക്കാട്ടി.
'ടോസ് ജയിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുമെന്ന് ഞാൻ കരുതുന്നു. മഞ്ഞു വീഴുന്നതിനുള്ള സാധ്യതയുണ്ട്, അങ്ങനെ മഞ്ഞു വീഴുമ്പോൾ എങ്ങനെ പന്തെറിയണമെന്ന് ബൗളർമാർക്ക് ഒരു അനുഭവം ലഭിക്കുമെന്നതിനാലാണിത്, ഇത് വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു നിർണായക ഘടകമാകാം; സഞ്ജയ് ബാംഗർ കൂട്ടിച്ചേർത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications